Quantcast

ഹിമന്ത വിശ്വശർമ ‘പ്രളയ ജിഹാദ്’ ആരോപിച്ച സർവകലാശാലക്ക് കേന്ദ്ര സർക്കാർ അംഗീകാരം

വിദ്യാഭ്യാസ സംരംഭകനായ മഹ്ബൂബുൽ ഹഖ് സ്ഥാപിച്ച സർവകലാശാലയാണ് ഗുവാഹത്തിയിലെ പ്രളയത്തിന് കാരണമെന്നായിരുന്നു ആരോപണം

MediaOne Logo

Web Desk

  • Published:

    14 Aug 2024 10:47 AM GMT

ഹിമന്ത വിശ്വശർമ ‘പ്രളയ ജിഹാദ്’ ആരോപിച്ച സർവകലാശാലക്ക് കേന്ദ്ര സർക്കാർ അംഗീകാരം
X

ഗുവാഹത്തി: ‘പ്രളയ ജിഹാദ്’ നടത്തുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശർമ വിദ്വേഷ പ്രചാരണം നടത്തിയ മേഘാലയയിലെ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് പട്ടികയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇടംപിടിച്ച ഏക സ്വകാര്യ സർവകലാശാലയാണിത്. രാജ്യത്തെ മികച്ച 200 സർവകലാശാലകളുടെ പട്ടികയിലാണ് സ്ഥാപനം ഇടംപിടിച്ചത്.

സർവകലാശാലക്കെതിരെ കഴിഞ്ഞദിവസങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് ബി.ജെ.പി നേതാവ് കൂടിയായ ഹിമന്ത വിശ്വശർമ നടത്തിയത്. ഗുവാഹത്തിയിലെ വെള്ളപ്പൊക്കത്തിന് സർവകലാശാലയാണ് കാരണക്കാരെന്ന് ആരോപിച്ച അദ്ദേഹം ‘പ്രളയ ജിഹാദ്’ ആണ് നടന്നതെന്നും ആരോപിച്ചിരുന്നു.

ഇവിടത്തെ ഗേറ്റ് മക്കയിലേതിന് സമാനമാണെന്നും സർവകാലാശാലക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ സമീപിക്കുമെന്നും ഹിമന്ത വിശ്വശർമ പറഞ്ഞു. യൂനിവേഴ്സിറ്റിയുടെ മുമ്പിലെ മൂന്ന് താഴികക്കുടങ്ങളുള്ള ഗേറ്റ് ജിഹാദിന്റെ അടയാളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവകലാശാലയിലെ വനനശീകരണവും കുന്നുകൾ ഇടിച്ചുള്ള നിർമാണവുമാണ് ഗുവാഹത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ഹിമന്ത വിശ്വശർമായുടെ ആരോപണം. പ്രളയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്.

5000 പേർക്ക് ഇരിക്കാവുന്ന സർവകലാശാല കാമ്പസിലെ ഓഡിറ്റോറിയത്തിനെതിരെയും ഹിമന്ത ശർമ രംഗത്തുവന്നിരുന്നു. മേഖലയിലെ വലിയ പരിപാടികൾ ഇവിടെയാണ് നടക്കാറ്. ഗ​ുവാഹത്തിയിൽ ഇതിനേക്കാൾ വലിയ ഓഡിറ്റോറിയം നിർമിക്കുമെന്നും അതോടെ സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് ആർക്കും പോകേണ്ടി വരില്ലെന്നും ശർമ പറഞ്ഞു. ഇവിടെ പഠിക്കു​കയോ ജോലി ചെയ്യുകയോ ചെയ്യരുതെന്നും അസം സ്വദേശികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

അസം സ്വദേശിയായ മഹ്ബൂൽ ഹഖ് സ്ഥാപിച്ച എജുക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴിൽ 2008ലാണ് സർവകലാശാല ആരംഭിക്കുന്നത്. മഹ്ബൂബുൽ ഹഖ് തന്നെയാണ് സർവകലാശാലയുടെ ചാൻസലറും. മേഘാലയയിലെ റിബോയ് ജില്ലയിലാണ് സർവകലാശാലയുള്ളത്. ഗുവാഹത്തിയുടെ പ്രവേശന കേന്ദ്രമായ ജോർബട്ടിനോട് ചേർന്നാണ് ഈ പ്രദേശം.

ഹിമന്ത ശർമക്ക് മറുപടിയുമായി മഹ്ബൂബുൽ ഹഖ്

രാജ്യത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ കാമ്പസ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച ആഘോഷം സംഘടിപ്പിച്ചു. ഞങ്ങളുടെ ഈ യാത്രയിൽ ഇത്തരത്തിലുള്ള നിഷേധാത്മകത നേരിടണ്ടേി വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് ആഘോഷപരിപാടിയിൽ മഹ്ബൂബുൽ ഹഖ് പറഞ്ഞു.

എല്ലാ രാഷ്ട്രീയത്തിൽനിന്നും ഞാൻ അകലെയാണ്. എന്നെ കണ്ടാൽ ഒരു മതവിശ്വാസി​യെ പോലെയാണെന്ന് എനിക്കറിയാം. എന്നാൽ, എല്ലാ മതപരമായ പ്രവർത്തനങ്ങളിൽനിന്നും ഞാൻ വളരെ അകലെയാണ്. ഞാൻ ഇപ്പോൾ വിദ്യാർഥികളുടെ മുഖം മാത്രമാണ് കാണുന്നത്. വിദ്യാർഥികളാണ് ഈ സ്ഥാപനം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളി മുസ്‍ലിമായ മഹ്ബൂബുൽ ഹഖ് മണിപ്പാൽ ഗ്രൂപ്പിന് കീഴിൽ കമ്പ്യൂട്ടർ ​പരിശീലന കേന്ദ്രം ആരംഭിച്ചാണ് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് എജുക്കേഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ സ്ഥാപിക്കുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2022ൽ അന്നത്തെ മേഘാലയ ഗവർണറായിരുന്ന സത്യപാൽ മലികിൽനിന്ന് പൊതുസേവനത്തിനുള്ള ഗവർണറുടെ പരുസ്കാരം കരസ്ഥമാക്കി. ഫൗണ്ടേഷന് കീഴിൽ അസമിലും മേഘാലയിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടെങ്കിൽ സർവകലാശാലക്ക് ഉന്നത റാങ്ക് കിട്ടുമോ എന്ന് ഹിമന്ത ശർമയുടെ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മഹ്ബൂബുൽ ഹഖ് പറഞ്ഞു. ഒരു കാര്യം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല റാങ്കിങ്. എല്ലാവിധ ഘടകങ്ങളും പരിശോധിച്ചാണ് റാങ്ക് നൽകുന്നത്. ഞങ്ങളുടേത് ഹരിത കാമ്പസാണ്. ഇവിടെ സ്വന്തമായി ഡ്രൈനേജുണ്ട്. വെള്ളം ശേഖരിക്കാനായി വലിയ ജലസംഭരണിയുമുണ്ട്.ഞങ്ങൾ ഒരുപാട് മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. അതിനായി ധാരാളം വെള്ളം വേണം.

ഗുവാഹത്തിയിലെ വെള്ളപ്പൊക്കത്തിന് ഈ ചെറിയ കാമ്പസിലെ വെള്ളമാണ് കാരണമായതെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ അത് അവരുടെ ബുദ്ധിയും ചിന്തയും മാത്രമാണ്. അതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഞങ്ങൾ മേഘാലയ സർക്കാറിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് വന്ന് കാര്യങ്ങൾ പരിശോധിക്കാം. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താനും തയ്യാറാണ്’ -മഹ്ബൂബുൽ ഹഖ് പറഞ്ഞു.

‘ഇത് ജനങ്ങളുടെ സർവകലാശാലയാണ്. ഇവിടെ എല്ലാവരും വരുന്നുണ്ട്. ഒരു പാർട്ടിയുമായി ബന്ധമുള്ള സ്ഥാപനമാണെങ്കിൽ മറ്റു പാർട്ടിക്കാർ അവിടേക്ക് പോകാറില്ല. എന്നാൽ, ഞങ്ങൾ എല്ലാ രാഷ്ട്രീയ, മതപരമായ പ്രവർത്തനങ്ങളിൽനിന്നും അകലെയാണ്. അതുകൊണ്ടാണ് എല്ലാ പാർട്ടിക്കാരും മതവിഭാഗത്തിലുള്ളവരും ഇവിടെ വരുന്നത്. രണ്ട് ഇന്ത്യൻ രാഷ്ട്രപതിമാർ ഇവിടെ വന്നിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ഗവർണർമാരും മുഖ്യമന്ത്രിമാരും കാമ്പസിൽ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം വൈസ് ചാൻസലർമാരുടെ കോൺഫറൻസ് നടന്നത് ഇവിടെയാണ്. എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്’ -മഹ്ബൂബുൽ ഹഖ് കൂട്ടിച്ചേർത്തു.

TAGS :

Next Story