Quantcast

'ചരിത്രം എന്നോട് ദയാലുവായിരിക്കും; നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നതല്ല പ്രധാനമന്ത്രിയുടെ കരുത്ത്'-അവസാനത്തെ വാർത്താസമ്മേളനത്തിലെ 'പ്രവചനങ്ങള്‍'

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ അതു രാഷ്ട്രത്തിനു വലിയ ദുരന്തമായി മാറുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു

MediaOne Logo

Shaheer

  • Published:

    26 Dec 2024 8:51 PM GMT

What Manmohan Singh in last press meet as Indian PM, Manmohan Singh demise, Manmohan Singh last press conference, history will be kinder,
X

'I honestly believe history will be kinder to me than the contemporary media or for that matter, the Opposition parties in Parliament.'

2014 ജനുവരി മൂന്നിന് പ്രധാനമന്ത്രിയായുള്ള അവസാന വാർത്താസമ്മേളനത്തിൽ മൻമോഹൻ സിങ് നടത്തിയ ഈ പ്രവചനസ്വഭാവമുള്ള വാക്കുകൾ പുലരാൻ അദ്ദേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നില്ല. യുപിഎ സർക്കാർ താഴെയിറങ്ങി, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേറിയ ശേഷം ആ വാക്കുകൾ രാജ്യം പലയാവർത്തി ഓർത്തെടുത്തു; കൂടെ മുൻ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ സൗമ്യവും ശാന്തവുമായ നേതൃപാടവത്തെയും.

'സ്വന്തം മന്ത്രിമാരെ പോലും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയില്ലാത്തയാൾ, നിർണായക ഘട്ടങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ വൈമനസ്യം കാണിച്ചയാൾ...'-ഒരു ദേശീയ മാധ്യമത്തിലെ പ്രതിനിധിയായിരുന്നു മൻമോഹൻ സിങ്ങിന്റെ മുഖത്തു നോക്കി ആ വൈകാരിക നിമിഷത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞത്. സ്വതസിദ്ധമായ ശൈലിയിൽ, ചുണ്ടിയിൽ ചെറുചിരിയുമൊളിപ്പിച്ച്, സമചിത്തതയും ശാന്തതയും കൈവിടാതെ, ഒട്ടും പതർച്ചയില്ലാതെ സിങ് ഘനഗംഭീരമായൊരു മറുപടി നൽകി; ഒരു കവിതയെന്ന പോലെ: ''സമകാലിക മാധ്യമങ്ങളെക്കാൾ, പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളെക്കാൾ ചരിത്രം എന്നോട് അതീവ ദയാലുവായിരിക്കുമെന്നു തന്നെ ഞാൻ സത്യസന്ധമായും വിശ്വസിക്കുന്നു.'

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതി പരമ്പരകളിലും വിവാദങ്ങളിലും പ്രതിസന്ധികളിലുമൊന്നും മന്ത്രിസഭയിലെ സഹപ്രവർത്തകരിലോ പാർട്ടി നേതാക്കളിലോ പഴിചാരി രക്ഷപ്പെടാൻ നോക്കിയില്ല അദ്ദേഹം. മന്ത്രിസഭാ തീരുമാനങ്ങളുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്താനും തയാറായില്ല. സഖ്യകക്ഷി രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യങ്ങളും നിർബന്ധിതാവസ്ഥകളുമെല്ലാം കണക്കിലെടുത്ത് കഴിയാവുന്നതിന്റെ പരമാവധി താൻ ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസം പങ്കുവച്ചു മൻമോഹൻ സിങ്.

വിപ്ലവാത്മകമായ നിരവധി പദ്ധതികൾക്കിടയിലും ആണവ കരാറും ഇടതുപക്ഷത്തിന്റെ പിന്തുണ പിൻവലിക്കലുമെല്ലാമായി വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു ഒന്നാം യുപിഎ സർക്കാർ നേരിട്ടത്. കൽക്കരി കുംഭകോണം, 2ജി സ്‌പെക്ട്രം അഴിമതി, ഹെലികോപ്ടർ കുംഭകോണം, കോമൺവെൽത്ത് ഗെയിംസ് അഴിമതി ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി വിവാദക്കൊടുങ്കാറ്റിൽ ആടിയുലഴുകയായിരുന്നു രണ്ടാം യുപിഎ സർക്കാർ. എന്നാൽ, എല്ലാ ഉത്തരവാദിത്തവും മൻമോഹൻ സിങ് സ്വന്തം തലയിൽ തന്നെ വച്ചു; ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിന്റേതായ ന്യായങ്ങൾ പറഞ്ഞു.

ബിജെപി അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോദിയെ 'വിരാടപുരുഷനാ'യി ആഘോഷിക്കുന്ന സമയം കൂടിയായിരുന്നു അത്. മറുവശത്ത് 'ദുർബലനും' ഗാന്ധി കുടുംബത്തിന്റെ 'റബ്ബർ സ്റ്റാമ്പ് പ്രധാനമന്ത്രിയും' ആയി മൻമോഹൻ സിങ്ങിനെ ചിത്രീകരിക്കുകയും ചെയ്തു. അവസാന വാർത്താസമ്മേളനത്തിൽ അതിശക്തമായൊരു രാഷ്ട്രീയ പ്രസ്താവനയിലൂടെയായിരുന്നു സിങ് ഈ പ്രചാരണങ്ങൾക്കെല്ലാം മറുപടി നൽകിയത്: ''അഹ്മദാബാദ് തെരുവുകളിൽ നിരപരാധികളായ പൗരന്മാരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നതുവച്ചാണ് നിങ്ങൾ പ്രധാനമന്ത്രിയുടെ കരുത്തിനെ അളക്കുന്നതെങ്കിൽ, ഞാൻ അതിൽ വിശ്വസിക്കുന്നില്ല. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അത്തരമൊരു കരുത്തിന്റെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല!'

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ അതു രാഷ്ട്രത്തിനു വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം പ്രവചിച്ചു. രണ്ടു വർഷം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ, 2016 നവംബർ എട്ടിനുശേഷം രാജ്യം മൻമോഹൻ സിങ്ങിന്റെ ആ വാക്കുകൾ ഒരുപോലെ അനുസ്മരിച്ചു. മോദി പ്രഖ്യാപിച്ച നോട്ടുനിരോധനം രാജ്യത്തെ പൗരന്മാരെയൊന്നാകെ തെരുവിലേക്ക് ഉന്തിയിട്ട് വെയിലത്ത് വരിനിർത്തിയപ്പോൾ വീണ്ടും മൻമോഹൻ സിങ് വാർത്താ തലക്കെട്ടായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ മൻമോഹൻ സിങ്ങിലേക്ക് രാജ്യമൊരിക്കൽകൂടി കാതോർത്തു. നോട്ടുനിരോധനം സംഘടിത കൊള്ളയും നിയമം മറയാക്കിയുള്ള പിടിച്ചുപറിയും ചരിത്രപരമായ പിഴവുമാണെന്ന് ചുരുങ്ങിയ വാക്കുകളിലേക്ക് സംഗ്രഹിക്കുകയായിരുന്നു അദ്ദേഹം.

Summary: ‘History will be kinder to me; If you measure the strength of PM by presiding over mass massacre of innocent citizens on streets of Ahmedabad, then I do not believe in it': What Manmohan Singh in last press conference as Indian PM

TAGS :

Next Story