Quantcast

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 2023ൽ കൊല്ലപ്പെട്ടത് 38 സിവിലിയൻമാരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം; മണിപ്പൂരിനെക്കുറിച്ച് മൗനം

2023 മെയ് മൂന്നിന് തുടങ്ങിയ കുക്കി-മെയ്‌തെയ് സംഘർഷത്തിൽ ഡിസംബർ 31 വരെ 160 പേർ കൊല്ലപ്പെട്ടതായി സർക്കാർ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-11-13 11:58:37.0

Published:

13 Nov 2024 11:52 AM GMT

Home Ministry tells House panel only 38 civilians died in northeast in 2023, skips mention of Manipur
X

ന്യൂഡൽഹി: 2014-2023 കാലയളവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സിവിലിയൻ മരണങ്ങളിൽ 82 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. എന്നാൽ കലാപം നടന്ന മണിപ്പൂരിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. 2023 മെയ് മൂന്നിന് തുടങ്ങിയ കുക്കി-മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 240 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഡിസംബർ 31 വരെ 160 പേർ കൊല്ലപ്പെട്ടതായി സർക്കാർ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ആണ് ആഭ്യന്തര സ്റ്റാന്റിങ് കമ്മിറ്റ് മുന്നിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2014ൽ 212 സിവിലിയൻമാർ കൊല്ലപ്പെട്ടപ്പോൾ 2023ൽ 38 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഗോവിന്ദ് മോഹൻ പറഞ്ഞു. സായുധ സംഘർഷങ്ങളിൽ 71 ശതമാനം കുറവുണ്ടായി. 2014ൽ 824 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2023ൽ ഇത് 243 ആയി കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിലും വലിയ കുറവുണ്ടായെന്ന് ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നു. 2014ൽ 20 മരണങ്ങൾ ഉണ്ടായപ്പോൾ 2023ൽ എട്ട് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

സംഘർഷഭരിതമായ മണിപ്പൂരിനെക്കുറിച്ച് മൗനം പാലിച്ചതിനെ സ്റ്റാന്റിങ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. അതൊരു നാണംകെട്ട ഒഴിവാക്കലാണെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന മണിപ്പൂരിനെ ഒഴിവാക്കി എങ്ങനെയാണ് ആഭ്യന്തരവകുപ്പിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കാനാവുകയെന്ന് എംപിമാർ ചോദിച്ചു. അതിനെക്കുറിച്ച് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ല. നവംബർ 9, 10 തീയതികളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിട്ട് പോലും സർക്കാർ മൗനം പാലിക്കുകയാണെന്നും തൃണമൂൽ എംപി പറഞ്ഞു.

TAGS :

Next Story