രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധന
മുമ്പ് രാജ്യത്തെ കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നായിരുന്നെങ്കിൽ ഇപ്പോൾ 78 ശതമാനവും കേരളത്തിന് പുറത്തുനിന്നാണ്
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ കേസുകൾ 100 ശതമാനമാണ് വർധിച്ചത്. ഡൽഹിയിൽ ഒമിക്രോണിന്റെ സമൂഹ വ്യാപനമുണ്ടായതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം രാജ്യത്തെ ഒമിക്രോൺ കേസുകൾ 961 ആയി ഉയർന്നിട്ടുണ്ട്. ലോകത്താകെ വരും ദിവസങ്ങളിൽ കോവിഡ് സുനാമി ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയികരുന്നു.
ഒരാഴ്ച മുമ്പ് ആറായിരം മാത്രമായിരുന്നു കോവിഡ് കേസുകൾ. മുമ്പ് രാജ്യത്തെ കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നായിരുന്നെങ്കിൽ ഇപ്പോൾ 78 ശതമാനവും കേരളത്തിന് പുറത്തുനിന്നാണ്. മഹാരാഷ്ട്ര , ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകൾ ഉയർന്നു വരുന്നത്. മുംബൈ നഗരത്തിൽ മാത്രം 2500നു മുകളിലാണ് പ്രതിദിന കേസുകൾ റിപ്പോർട്ട്് ചെയ്യുന്നത്.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് മുംബൈയിൽ ജനുവരി ഏഴ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലെ കേസുകളിൽ 46 ശതമാനവും ഒമിക്രോണാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിക്ക് പുറമേ ഗോവ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം കോവിഡ് രോഗികളുടെ എണ്ണം ഇനിയും കുതിച്ചുയരുമെന്ന് who മേധാവി ഡോ. ടെഡ്രോസ് അഥനോം മുന്നറിയിപ്പ് നൽകിയിരുന്നു. ചില രാജ്യങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ലോകത്ത് ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും രോഗം ഗുരുതരമാവുകയോ മരണനിരക്ക് ക്രമാതീതമായി വർധിക്കുകയോ ചെയ്യുന്നില്ല.
Adjust Story Font
16