യുകെയിലേക്ക് മനുഷ്യക്കടത്ത്: നാല് എയർ ഇന്ത്യ ജീവനക്കാരും യാത്രക്കാരനും പിടിയിൽ
ഒരു യാത്രക്കാരനിൽനിന്ന് 40,000 രൂപയാണ് എഐഎസ്എടിഎസ് ജീവനക്കാർ ഈടാക്കിയത്
ന്യൂഡൽഹി: മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് നാല് എയർ ഇന്ത്യ ജീവനക്കാരെയും യുകെയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരനെയും ഡൽഹി വിമാനത്താവളത്തിൽനിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എയർപോർട്ടിലെ വിവിധ സേവനങ്ങൾ ചെയ്യുന്ന എയർ ഇന്ത്യക്ക് കീഴിലെ എഐഎസ്എടിഎസ് ജീവനക്കാരായ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ് എന്നിവരെയും ദിൽജോത് സിംഗ് എന്ന യാത്രക്കാരനെയുമാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്ത് ഡൽഹി പോലീസിന് കൈമാറിയത്.
കഴിഞ്ഞദിവസം ഇന്ദിരാഗാന്ധി ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബർമിംഗ്ഹാമിലേക്ക് പോകാനാണ് ദിൽജോത് സിംഗ് എത്തുന്നത്. ഇയാളുടെ പ്രവർത്തനങ്ങൾ സംശയാസ്പദമായി കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൂടാതെ യാത്രാ രേഖകളിലും സംശയം തോന്നിയതോടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ചു.
തുടർന്ന് വിശദീകരണത്തിനായി എയർലൈൻ ഉദ്യോഗസ്ഥരുമായി തിരികെ വരാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നേരെ എഐഎസ്എടിഎസ് ജീവനക്കാരന്റെ അടുത്തേക്കാണ് പോയത്. ചെക്ക്-ഇൻ കൗണ്ടറിൽ നിന്ന് എഐഎസ്എടിഎസ് ജീവനക്കാർ വ്യാജ രേഖകൾ ഉപയോഗിച്ച് ദിൽജോത് സിംഗിനെയും മറ്റ് രണ്ട് പേരെയും വിമാനത്തിൽ കയറ്റാൻ സഹായിക്കുകയായിരുന്നു.
മൂന്ന് പേർ അനധികൃതമായി കുടിയേറാൻ ശ്രമിച്ചെങ്കിലും അവരിൽ ഒരാളെ പിടികൂടിയെന്ന് എഐഎസ്എടിഎസ് സിഇഒ സഞ്ജയ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിച്ച ജീവനക്കാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും കൂടുതൽ നിയമനടപടികൾക്കായി ഡൽഹി പോലീസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായി വിമാനത്തിൽ കയറാൻ സഹായിച്ചതിന് ഒരു യാത്രക്കാരനിൽനിന്ന് 40,000 രൂപയാണ് എഐഎസ്എടിഎസ് ജീവനക്കാർ ഈടാക്കിയത്.
Adjust Story Font
16