കനത്ത മഴ: ഹൈദരാബാദിൽ കെട്ടിടം തകർന്ന് വീണ് 4 വയസ്സുകാരനടക്കം 7 പേർക്ക് ദാരുണാന്ത്യം
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്
ഹൈദരാബാദ്: ഹൈദരാബാദിലെ ബച്ചുപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്ന് വീണ് 7 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത്. മരിച്ചവരിൽ 4 വയസ്സുമുള്ള കുഞ്ഞുമുണ്ട്.
ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചത്. ബച്ചുപ്പള്ളിയിൽ തന്നെയുള്ള രേണുക യെല്ലമ കോളനിയിൽ നിർമാണത്തൊഴിലിന് എത്തിയതാണിവർ. പാതി പൂർത്തിയായ കെട്ടിടത്തിൽ ഷെഡ് കെട്ടിയായിരുന്നു ഇവരുടെ താമസവും.
ചൊവ്വാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞ് ഷെഡുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 7 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പരിക്കേറ്റ 7 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.
ചൊവ്വാഴ്ച മുതൽ കനത്ത മഴയാണ് ഹൈദരാബാദിൽ. പലയിടത്തും ഇടിമിന്നലും ആലിപ്പഴവർഷവുമുണ്ട്. മണിക്കൂറുകൾ നിർത്താതെ പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. മഴ കടപുഴകി വീണ് മിക്കയിടത്തും ഗതാഗതവും തടസ്സപ്പെട്ടു.
46 ഡിഗ്രി വരെ ചൂട് എത്തിയിരുന്നു ഹൈദരാബാദിൽ തിങ്കളാഴ്ച വരെ. ഇതിന് ശമനമെന്നോണമായിരുന്നു മഴയെത്തിയത്. എന്നാൽ നിർത്താതെ പെയ്യുന്ന മഴയിൽ നഗരവും പ്രാന്തപ്രദേശങ്ങളും വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചയാണ് ഹൈദരാബാദിലിപ്പോൾ. ഗച്ചിബൗളി, മാദപൂർ എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി.
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും മൂലം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കരീംനഗറിൽ നടത്താനിരുന്ന പൊതുയോഗം മാറ്റിവച്ചു.
Adjust Story Font
16