'സിനിമ മേഖലയിൽ അമിതാഭ് ബച്ചന് ലഭിക്കുന്ന അതേ ആദരവും സനേഹവും എനിക്കും ലഭിക്കുന്നു'; കങ്കണ റണാവത്ത്
അമിതാഭ് ബച്ചനെ ഇതുപോലെ അപമാനിക്കുന്ന മറ്റൊരു താരതമ്യമില്ലെന്നായിരുന്നു ഒരു കമന്റ്
ന്യൂഡല്‍ഹി: അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്നേഹവും ആദരവും തനിക്കും സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്.
ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ, ഇക്കുറി ജനവിധി തേടുന്നുണ്ട്. ബോളിവുഡിലെ മെഗാസ്റ്റാറിന്, ഹിന്ദി ചലച്ചിത്രമേഖലയിൽ ലഭിക്കുന്ന അതേ സ്‌നേഹവും ബഹുമാനവും തനിക്കും ലഭിക്കുന്നുണ്ടെന്നാണ് കങ്കണ പറഞ്ഞത്.
'' രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡൽഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ട്. അമിതാഭ് ബച്ചന് ശേഷം ആർക്കെങ്കിലും ബോളിവുഡില്‍ നിന്നും ഇത്രയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ അത് എനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും''- മാണ്ഡിയില്‍ നടന്നൊരു തെരഞ്ഞെടുപ്പ് റാലിയില്‍ കങ്കണ പറഞ്ഞു.
പ്രസംഗത്തിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ കങ്കണക്കെതിരെ ഉയരുന്നത്. അമിതാഭ് ബച്ചനെ ഇതുപോലെ അപമാനിക്കുന്ന മറ്റൊരു താരതമ്യമില്ലെന്നായിരുന്നു ഒരു കമന്റ്. കങ്കണയുടെ അവസാന ഹിറ്റ് ചിത്രം 2015 ലാണ് സംഭവിച്ചത്, അതിനുശേഷം അവർ 15 ഫ്ലോപ്പുകൾ നൽകി, എന്നിട്ടും അമിതാഭ് ബച്ചനുമായാണ് താരതമ്യം ചെയ്യുന്നു," മറ്റൊരു ഉപയോക്താവ് എക്സില്‍ എഴുതി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്. 2019ൽ ബിജെപിയുടെ രാം സ്വരൂപ് ശർമയാണ് ഈ സീറ്റിൽ വിജയിച്ചത്. 2021ൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ വർഷം അവസാനം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതിഭാ സിംഗ്, സീറ്റ് തിരിച്ചുപിടിച്ചു. ഈ സീറ്റ് വീണ്ടും തിരികെ പിടിക്കാനാണ് കങ്കണയെ ബി.ജെപി നിർത്തിയിരിക്കുന്നത്.
Adjust Story Font
16