പുൽവാമയിലേത് മോദി സർക്കാരിന്റെ വീഴ്ചയാണെന്ന് വിളിച്ചു പറഞ്ഞത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് സത്യപാൽ മാലിക്
‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാനൊരു കർഷകന്റെ മകനാണ് പേടിച്ച് ആരെയും വണങ്ങില്ല’
ന്യൂഡൽഹി: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയതോടെ മോദി ഭരണത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം കേന്ദ്ര ഏജൻസികൾ തിരഞ്ഞുപിടിച്ച് റെയ്ഡ് നടത്തുന്ന കാലമാണിപ്പോൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വ്യാപക വിമർശനമാണെങ്ങും.
അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ സൗത്ത് ഡൽഹിയിലെ വസതിയിൽ 22ന് നടന്ന റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ സത്യപാൽ മാലിക് രൂക്ഷമായി വിമർശിക്കുന്നുവെന്നതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് സത്യപാൽ മാലിക് തന്നെ തുറന്ന് പറഞ്ഞു. ആം ആദ്മി നേതാക്കൾ ഉൾപ്പടെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ച് റെയ്ഡുകൾ നടന്നിരുന്നു. റെയ്ഡിന് പിന്നാലെ ദ വയറിന് നൽകിയ അഭിമുഖത്തിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു മാലിക് ഉന്നയിച്ചത്.
ജമ്മു കശ്മീർ ഗവർണറായിരുന്ന കാലത്ത് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകൾ പാസാക്കാൻ തനിക്ക് 300 കോടി രൂപ വാഗ്ദാനം ചെയ്തതായി 2021 ഒക്ടോബറിൽ മാലിക് വെളിപ്പെടുത്തിയിരുന്നു.
2018 ഓഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെയായിരുന്നു മാലിക് ഗവർണർ പദവിയിലിരുന്നത്. ഇതിനെ പേരിലാണ്ഫെബ്രുവരി 22 ന് മാലിക്കിന്റെ സോം വിഹാറിലെ വീട്ടിലും മറ്റ് 29 ഇടങ്ങളിലുമായി സിബിഐയിലെ 100 ഓളം ഉദ്യോഗസ്ഥർ റെയ്ഡ് നടത്താനിറങ്ങിയത്. റെയ്ഡിന് പിന്നാലെ മോദി ‘സ്വേച്ഛാധിപതി’ എന്നാണ് മോദിയെ സത്യപാൽ മാലിക് വിശേഷിപ്പിച്ചത്.‘സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്, ഞാനൊരു കർഷകന്റെ മകനാണ്; പേടിച്ച് ആരെയും വണങ്ങില്ല’ എന്നായിരുന്നു സത്യപാൽ മാലികിന്റെ പ്രതികരണം.
ദ വയറിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
നെഞ്ചിലെ അണുബാധയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ആശുപത്രിയിലാണ്. പ്രമേഹരോഗിയാണ്; രക്തത്തിലെ ഷുഗറിന്റെ അളവ് അൽപ്പം കൂടിയതിനാൽ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു. അതിനിടയിലാണ് സിബിഐ ഉദ്യോഗസ്ഥർ എന്റെ സോം വിഹാറിലെ താമസസ്ഥലം റെയ്ഡ് ചെയ്യാൻ വന്നത്. അവിടെ നിന്ന് എന്റെ വസ്ത്രമല്ലാതെ വേറൊന്നും കണ്ടെത്താൻ പോകുന്നില്ല. എന്റെ ഡ്രൈവറെയും സഹായിയെയും റെയ്ഡിനെത്തിയ സംഘം ഉപദ്രവിച്ചു. എന്തിനാണ് എന്നെ അവർ റെയ്ഡ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
എനിക്കെതിരെ യാതൊരു എഫ്ഐആറും ഇല്ല. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുടെ ഫയൽ പാസാക്കാൻ എനിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചവരെ പരിശോധിക്കുന്നതിന് പകരം പരാതിക്കാരനായ എന്നെയാണ് സിബിഐ റെയ്ഡ് ചെയ്യുന്നത്.
അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിന് എന്നെ റെയ്ഡ് ചെയ്തു എന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല; പിന്നെ എന്തിന് ഭയപ്പെടണം? കർഷക സമരത്തെ എനിക്ക് പിന്തുണയ്ക്കാതിരിക്കാനാവില്ല കാരണം ഞാനൊരു കർഷകന്റെ മകനാണ്.
പുൽവാമ ദുരന്തം മോദി സർക്കാരിന്റെ വീഴ്ചയാണ് അതിനെ ചോദ്യം ചെയ്തതുകൊണ്ടാണ് എന്നെ റെയ്ഡ് ചെയ്തത്. ഇതിനെക്കുറിച്ച് മിണ്ടാതിരിക്കാൻ മോദി എന്നോട് പറഞ്ഞു. എന്നാൽ ഞാൻ അത് പരസ്യമായി പറഞ്ഞത് അധികാരത്തിലിരുന്നരെ ചൊടിപ്പിച്ചുവെന്നും അതിന്റെ ഭാഗമായാണ് വേട്ടയാടൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16