ഞാന്‍ തല കുനിക്കില്ല, പാര്‍ട്ടി വിടില്ല: സഞ്ജയ് റാവത്ത്
നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് സഞ്ജയ് റാവത്ത്
മുംബൈ: താന്‍ തല കുനിക്കില്ലെന്നും ശിവസേന വിടില്ലെന്നും സഞ്ജയ് റാവത്ത് എംപി. ഭൂമി കുംഭകോണ കേസില്‍ ഇ.ഡി ഇന്ന് സഞ്ജയ് റാവത്തിന്‍റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് സഞ്ജയ് റാവത്ത്.
നേരത്തെ ഇ.ഡിയുടെ ദക്ഷിണ മുംബൈ ഓഫീസിലേക്ക് എത്തിച്ചപ്പോള്‍ സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെ- "അവർ (ഇ.ഡി) എന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നു. പക്ഷേ ഞാന്‍ തല കുനിക്കില്ല"
ഭൂമി കുംഭകോണ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നേരത്തെ ഇ.ഡി സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 20നും 27നും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസുകൾ സഞ്ജയ് റാവത്ത് കൈപ്പറ്റിയെങ്കിലും പാർലമെന്റ് സമ്മേളനം ഉള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓഗസ്റ്റ് 7ന് ശേഷമുള്ള തിയ്യതി അനുവദിക്കാൻ ആണ് അഭിഭാഷകൻ മുഖേന സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്.
അതിനിടെ ഇന്ന് രാവിലെയാണ് സഞ്ജയ് റാവത്തിന്‍റെ വസതിയില്‍ ഇ.ഡി പരിശോധന നടത്തിയത്. എംപിയുടെ മുംബൈയിലെ വസതിയിൽ 10 മണിക്കൂർ ആണ് ഇ.ഡി പരിശോധന നടത്തിയത്.
ചേരി നിർമാർജനത്തിന്‍റെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണത്തിന്‍റെ പേരില്‍ 1039 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ തന്‍റെ പേരിലുള്ള കേസ് വ്യാജമാണെന്നാണ് സഞ്ജയ് റാവത്തിന്‍റെ വാദം. മുംബൈയിലെ വസതിയിൽ ഇന്ന് ഇ.ഡി പരിശോധന നടത്തുമ്പോൾ താൻ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.
"ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ലെന്ന് താക്കറെയുടെ പേരില്‍ ഞാൻ സത്യം ചെയ്യുന്നു, തല പോയാലും ശിവസേന വിടില്ല"- സഞ്ജയ് റാവത്ത് വ്യക്തമാക്കി.
Summary- Shiv Sena MP Sanjay Raut on Sunday said he won't bow down and quit the party, shortly before being herded into the south Mumbai office of the Enforcement Directorate (ED) whose team conducted a search at his residence in connection with a money laundering case
Adjust Story Font
16