'കല്യാണ മണ്ഡപമാ'യി ഐ.സി.യു! വെന്റിലേറ്ററില്‍ മക്കളുടെ നിക്കാഹിനു സാക്ഷിയായി പിതാവ്
ലഖ്‌നൗവിലെ ഇറാസ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഐ.സി.യുവാണ് ഈ അപൂര്‍വ വിവാഹത്തിനു സാക്ഷിയായത്
ലഖ്‌നൗ: പെണ്‍മക്കളുടെ വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിതാവ് അസുഖബാധിതനായി ആശുപത്രിയില്‍. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ പിതാവ് ഗുരുതരാവസ്ഥയില്‍ രോഗത്തോട് മല്ലിടുമ്പോള്‍, വീട്ടില്‍ നിറഞ്ഞുനിന്ന വിവാഹത്തിന്റെ സന്തോഷവും ആഹ്ലാദവുമെല്ലാം സങ്കടത്തിനും ആശങ്കയ്ക്കും വഴിമാറി. ഉപ്പയില്ലാതെ നിക്കാഹ് നടക്കില്ലെന്നു വാശിപിടിച്ചു മക്കള്‍. ഒടുവില്‍ ആശുപത്രി അധികൃതരുടെ കനിവില്‍ ഐ.സി.യു 'വിവാഹമണ്ഡപമാ'യി മാറി!
ലഖ്‌നൗവിലെ ഇറാസ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഐ.സി.യുവാണ് ഈ അപൂര്‍വ വിവാഹത്തിനു സാക്ഷിയായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോഹന്‍ലാല്‍ഗഞ്ച് സ്വദേശി സൂഫി സയ്യിദ് ജുനൈദ് സാബ്രിക്കാണു സ്വന്തം മക്കളുടെ നിക്കാഹിന് ആശുപത്രിക്കിടക്കയില്‍ കിടന്നു സാക്ഷിയാകാനുള്ള 'ഭാഗ്യം' ലഭിച്ചത്. ആശുപത്രി മുറിയില്‍നിന്നു ദാമ്പത്യജീവിതത്തിലേക്കു കാലെടുത്തുവച്ചത് ജുനൈദിന്റെ മക്കളായ ഡോ. ധര്‍ക്ഷ സയ്യിദും(26) തന്‍സീല സയ്യിദും(24).
ജൂണ്‍ എട്ടിനാണ് ജുനൈദിനെ നെഞ്ചില്‍ അണുബാധയെ തുടര്‍ന്ന് ഇറാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 22നു നിശ്ചയിച്ച മക്കളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം. മുംബൈ സ്വദേശികളായിരുന്നു വരന്മാര്‍. വിവാഹ ചടങ്ങുകള്‍ക്കായി അടുത്ത ദിവസം മുംബൈയിലേക്കു തിരിക്കാനിരിക്കെയായിരുന്നു ജുനൈദിന്റെ ആരോഗ്യം വഷളാകുന്നത്.
വിവാഹദിവസം അടുത്തതോടെ ഉപ്പയുടെ സാന്നിധ്യമില്ലാതെ നിക്കാഹ് പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു ധര്‍ക്ഷ സയ്യിദും തന്‍സീലയും. ഇവര്‍ വാശിപിടിച്ചതോടെ ജുനൈദിന്റെ സഹോദരന്‍ ഡോ. താരിഖ് സാബ്രി ആശുപത്രിയിലെ ഐ.സി.യു ഇന്‍ചാര്‍ജ് ഡോ. മുസ്തഹ്‌സിന്‍ മാലികുമായി വിഷയം സംസാരിച്ചു. ആശുപത്രിയില്‍ വച്ച് നിക്കാഹ് നടത്തുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു.
ആശുപത്രി മാനേജ്‌മെന്റിന്റെ അനുമതിയുണ്ടെങ്കില്‍ ആകാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് ഡീന്‍ പ്രൊഫ. എം.എം.എ ഫരീദിയെ കണ്ടു വിഷയം ധരിപ്പിച്ചു. മാനുഷിക പരിഗണന എന്ന നിലയ്ക്കു കര്‍ശന ഉപാധികളോടെ നിക്കാഹ് ആകാമെന്ന് ഡീന്‍ അനുമതി നല്‍കി. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പ്രത്യേക മുറിയൊരുക്കി വേണം ചടങ്ങ് നടത്താനെന്നും വധുവിന്റെയും വരന്റെയും ഭാഗത്തുനിന്ന് നിശ്ചിതമായ ആളുകളേ പങ്കെടുക്കാവൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ന്ന് മുംബൈയില്‍നിന്ന് പ്രതിശ്രുത വരന്മാരും ബന്ധുക്കളും എത്തിയാണു കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ വച്ച് അപൂര്‍വ വിവാഹം നടന്നത്. രണ്ടു ദിവസങ്ങളിലായായിരുന്നു നിക്കാഹ് ഒരുക്കിയത്. ദര്‍ക്ഷയുടെ നിക്കാഹ് ജൂണ്‍ 13നും തന്‍സീലയുടേത് 14നു വെള്ളിയാഴ്ചയും നടന്നു. മറ്റു രോഗികള്‍ക്ക് ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഒന്നുമില്ലാതിരിക്കാന്‍ ഐ.സി.യുവില്‍ ജുനൈദിന്റെ ബെഡ്ഡിനോടു ചേര്‍ന്ന് തുണികെട്ടി മറച്ചായിരുന്നു ചടങ്ങ് നടന്നത്. രോഗികള്‍ ഉടുക്കുന്ന ഗൗണ്‍ ധരിച്ചായിരുന്നു വരനും ബന്ധുക്കളും നിക്കാഹിനു കാര്‍മികത്വം വഹിച്ച മതപണ്ഡിതനുമെല്ലാം ഐ.സി.യുവില്‍ പ്രവേശിച്ചത്.
ഒരു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജുനൈദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതെന്ന് സഹോദരന്‍ പറയുന്നു. വിവാഹത്തിനായി മുംബൈയിലേക്കു തിരിക്കാന്‍ നില്‍ക്കുമ്പോഴാണ് ജൂണ്‍ എട്ടിന് ആരോഗ്യം വഷളാകുന്നത്. ഉടന്‍ ഇറാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിനു സന്തോഷദിനങ്ങളാകേണ്ട വേളയില്‍ പിതാവ് ആശുപത്രിക്കിടക്കയിലായതില്‍ ഹൃദയം തകര്‍ന്നിരിക്കുകയായിരുന്നു മക്കള്‍. അങ്ങനെയാണ് പിതാവില്ലാതെ വിവാഹം വേണ്ടെന്ന് അവര്‍ ഉറച്ചുപറഞ്ഞതെന്നും സഹോദരന്‍ താരിഖ് പറഞ്ഞു.
ഉപ്പ ഞങ്ങളുടെ ലോകമാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹമില്ലാതെ വിവാഹം കഴിക്കുന്നതിനെ കുറിച്ചു ചിന്തിക്കാനാകുമായിരുന്നില്ലെന്നും മകള്‍ ദര്‍ക്ഷ പ്രതികരിച്ചു. നിക്കാഹിന് സൗകര്യമൊരുക്കിത്തന്നതില്‍ ആശുപത്രി അധികൃതരോട് നന്ദിയുണ്ട്. വെന്റിലേറ്റര്‍ സഹായത്തിലാണു കഴിഞ്ഞിരുന്നതെങ്കിലും ഉപ്പായ്ക്കു ബോധമുണ്ടായിരുന്നു. മുന്നില്‍ നിക്കാഹ് നടന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നുവെന്നും വിവാഹദിനത്തിനുമുന്‍പ് പിതാവ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്നാണു പ്രതീക്ഷയെന്നും യുവതി പറഞ്ഞു.
Summary: Daughters get married at Lucknow hospital to fulfil ailing father's wish; visuals from Nikah in ICU go viral
Adjust Story Font
16