Quantcast

വിദ്വേഷപ്രചാരണം; ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് പൊലീസിലും വാട്സ് ആപ്പ് പരാതി പരിഹാര സെല്ലിനും പരാതി നൽകി

15 വർഷം മുമ്പ് മലയാളിയായ യുവവ്യവസായി പി.സി മുസ്തഫയാണ് ഐഡി ഫ്രഷ് ഫുഡ് സ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-09 15:28:16.0

Published:

9 Sep 2021 3:11 PM GMT

വിദ്വേഷപ്രചാരണം; ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് പൊലീസിലും വാട്സ് ആപ്പ് പരാതി പരിഹാര സെല്ലിനും പരാതി നൽകി
X

ബംഗളൂരു: മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സംഘ്പരിവാർ നടത്തിയ വിദ്വേഷപ്രചാരണത്തിനെതിരെ കമ്പനി പരാതി നൽകി. ബംഗളൂരു സൈബർ ക്രൈം സെല്ലിനും വാട്സ് ആപ്പ് പരാതി പരിഹാര സെല്ലിനുമാണ് പരാതി നൽകിയത്. വ്യാജ വിവരങ്ങളും കിംവദന്തികളും പരത്തുന്നതിനെ അപലപിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ നിയമത്തിന്റെ വഴി സ്വീകരിക്കുന്നുവെന്നും കമ്പനി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യ ദായകവും കൃത്രിമ പദാർഥങ്ങൾ ചേർക്കാത്തതുമായ തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോക നിലവാരത്തിലുള്ളതാണെന്നും വിവാദത്തിൽ തങ്ങളുടെ ഒപ്പം നിൽക്കുന്ന ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും നന്ദി പറയുന്നുവെന്നും കമ്പനി പറഞ്ഞു. 15 വർഷം മുമ്പ് മലയാളിയായ യുവവ്യവസായി പി.സി മുസ്തഫയാണ് ഐഡി ഫ്രഷ് ഫുഡ് സ്ഥാപിച്ചത്.

പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങൾ വഴി സംഘ്പരിവാർ ആരോപിച്ചിരുന്നത്. ഒരൊറ്റ ഹിന്ദു പോലും ഐഡി ഉത്പന്നങ്ങൾ ഉപയോഗിക്കരുത് എന്നും ക്യാമ്പയിനിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രൗഡ് ഹിന്ദു/ഇന്ത്യൻ എന്നവകാശപ്പെടുന്ന ട്വിറ്റർ ഉപയോക്താവ് ശ്രീനിവാസ എസ്.ജിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. പ്രധാനമായും റെഡി ടു കുക്ക് ഇഡലി, ദോശ മാവുകളാണ് കമ്പനി വിൽക്കുന്നത്. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രചാരണങ്ങൾ ഇങ്ങനെ

ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻ, സംരംഭകൻ എന്നെല്ലാം അവകാശപ്പെടുന്ന ശ്രീനിവാസ എസ്ജി സെപ്തംബർ നാലിന് പോസ്റ്റ് ചെയ്ത ട്വീറ്റിങ്ങനെ; ഐഡി ഇഡലി ദോശ മാവുകൾ വിൽക്കുന്ന ചെന്നൈയിലെ എല്ലാ കടക്കാരോടും സൂപ്പർമാർക്കറ്റുകളോടും, അവർ പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലിൽ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവിൽ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം ജീവനക്കാർ മാത്രമുള്ള കമ്പനിയാണ് ഇതെന്ന് യഥാർത്ഥത്തിൽ എത്ര പേർക്കറിയാം. ഹലാൽ സർട്ടിഫൈഡുമാണ്. ഓരോ ഹിന്ദുവും ഐഡിയുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കണം.'

സ്ഥാപനം ആരംഭിച്ച മുസ്തഫയുടെയും ബന്ധുക്കളുടെയും പേരെടുത്തു പറഞ്ഞും ഇയാൾ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ഈ സന്ദേശം പിന്നീട് ഫേസ്ബുക്കിലും വാട്സാപ്പിലും നിരവധി തവണ ഷെയർ ചെയ്യപ്പെട്ടു.

ഐഡി ഫ്രഷിന്റെ വിശദീകരണം

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നറിയിച്ച് ഐഡി ഫ്രഷ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ; 'ഐഡി ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തെറ്റിദ്ധാരണാജകനവും അടിസ്ഥാന രഹിതവുമായ വിവരങ്ങൾ അടങ്ങുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ ചില ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ അതിവേഗത്തിൽ പടർന്നതു കൊണ്ടാണ് ഞങ്ങൾ ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുന്നത്.'

'കമ്പനിയുടെ ഉത്പന്നങ്ങളിൽ ഐഡി വെജിറ്റേറിയൻ ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഐഡി ഇഡലി ദോശമാവിൽ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് സമ്പൂർണമായി പ്രകൃതിദത്തമാണ്. ഞങ്ങളുടെ ഉത്പന്നങ്ങളിൽ മൃഗസത്തുകൾ ഉപയോഗിക്കുന്നില്ല'

അന്താരാഷ്ട്ര നിലവാരത്തിലാണ് തങ്ങൾ ഉത്പന്നങ്ങൾ നിർമിക്കുന്നതെന്നും ഇവ രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന് അനുസൃതമാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

പുരസ്‌കാരങ്ങൾ നേടിയ കമ്പനി

2005ൽ ബംഗളൂരുവിൽ ആരംഭിച്ച കമ്പനി മൈസൂരു, മംഗളൂരു, പൂനെ, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, രാജ്മുണ്ഡ്രി, ചെന്നൈ, എറണാകുളം, കോയമ്പത്തൂർ തുടങ്ങി രാജ്യത്തെ 35 നഗരങ്ങളിൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. യുഎസ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.

അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) യുഎസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ), നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻപിഒപി) എഫ്എസ്എസ്എഐക്കു കീഴിലെ ജൈവിക് ഭാരത് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ കമ്പനി കൂടിയാണ് ഐഡി ഫ്രഷ്. ദ ഹിന്ദു ബിസിനസ് ലൈനിന്റെ കണക്കുപ്രകാരം 2021 സാമ്പത്തിക വർഷം 294 കോടി രൂപയാണ് കമ്പനിയുടെ ആദായം. മുൻ വർഷത്തിൽ നിന്ന് 23.5 ശതമാനം വർധനയാണ് വരുമാനത്തിലുണ്ടായത്.


TAGS :

Next Story