ബി.ജെ.പി നേതാക്കളുടെ പെൺമക്കൾ മുസ്‍ലിംകളെ വിവാഹം കഴിച്ചാല്‍ പ്രണയവും മറ്റുള്ളവര്‍ ചെയ്താല്‍ ലവ് ജിഹാദും; ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ബിലാസ്പൂർ പട്ടണത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭൂപേഷ് ബാഗേല്‍
റായ്പൂര്‍: ബി.ജെ.പി നേതാക്കളുടെ പെൺമക്കൾ മുസ്‍ലിംകളെ വിവാഹം കഴിച്ചാൽ അതിനെ പ്രണയമെന്നും മറ്റുള്ളവർ അങ്ങനെ ചെയ്യുമ്പോൾ അതിനെ ' ലവ് ജിഹാദ്' എന്ന് വിളിക്കുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.ബിലാസ്പൂർ പട്ടണത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെമെതാര ജില്ലയിലെ ബിരാൻപൂർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ച നടന്ന വർഗീയ കലാപത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായും ബാഗേല്‍ ആരോപിച്ചു. ചില മിശ്രവിവാഹങ്ങളെത്തുടർന്ന് ബിരാൻപൂരിൽ സംഘർഷം ഉടലെടുത്തുവെന്ന ബി.ജെ.പിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ബന്ദിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് ബി.ജെ.പി വിഷയം (സംഘർഷം) പരിശോധിക്കുകയോ ഒരു റിപ്പോർട്ടും പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്ന് ബാഗേൽ ചൂണ്ടിക്കാട്ടി. ''രണ്ട് കുട്ടികൾ തമ്മിലുള്ള വഴക്ക് സംഘർഷത്തിലേക്ക് നയിച്ചു, അത് ഒരു മനുഷ്യന്‍റെ ജീവൻ അപഹരിച്ചു, അത് വളരെ സങ്കടകരമാണ്. അതിനെ ന്യായീകരിക്കാനാവില്ല. എന്നാൽ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"അവർ ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നു.ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ അവരുടെ പെൺമക്കൾ മുസ്‍ലിംകളെ വിവാഹം കഴിച്ചവരാണ്. അത് ലവ് ജിഹാദിന്‍റെ ഗണത്തിൽ പെടില്ലേ? ഛത്തീസ്ഗഡിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ നേതാവിന്‍റെ മകൾ എവിടെപ്പോയി എന്ന് നിങ്ങൾ ചോദിക്കുന്നു.അത് ലവ് ജിഹാദല്ലേ? അവരുടെ മകൾ ചെയ്യുമ്പോൾ അത് പ്രണയമാണ്, എന്നാൽ മറ്റാരെങ്കിലും അത് ചെയ്താൽ അത് ജിഹാദാണ്.ഇത് തടയാൻ അവർ (ബിജെപി) എന്താണ് ചെയ്തത്? അതിൽ നിന്ന് രാഷ്ട്രീയ നേട്ടം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.അവർ തങ്ങളുടെ മരുമക്കളെ മന്ത്രിയും എം.പിയും ആക്കുകയും മറ്റുള്ളവരെ വ്യത്യസ്ത നിയമങ്ങൾക്കനുസരിച്ച് പരിഗണിക്കുകയും ചെയ്യുന്നു'' ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
സ്‌കൂൾ കുട്ടികൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് ഏപ്രിൽ 8 ന് ബെമെതാര ടൗണിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബിരാൻപൂരിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.സംഘർഷത്തിൽ പ്രദേശവാസിയായ ഭുനേശ്വർ സാഹു (22) കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം, ഗ്രാമത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ബിരാൻപൂർ സ്വദേശികളായ റഹീം മുഹമ്മദ് (55), മകൻ ഇദുൽ മുഹമ്മദ് (35) എന്നിവരെ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് ചെയ്തിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിലും പരിസരത്തും ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.മരിച്ച സാഹുവിന്‍റെ ബന്ധുക്കൾക്ക് സർക്കാർ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകുമെന്ന് മുഖ്യമന്ത്രി ബാഗേൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
Adjust Story Font
16