Quantcast

'ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി'; മദ്രാസ് ഹൈക്കോടതി

ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയാണെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    2 Jun 2024 9:25 AM GMT

If govt employee takes bribe, his wife must face consequence too, says Madras HC
X

മധുര: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊലീസുകാരനായ പ്രതിയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടമ്മമാർ തന്നെ അഴിമതിയിൽ പങ്കാളികളായാൽ ഇതിനൊരു അന്ത്യമുണ്ടാകില്ലെന്നുമായിരുന്നു ജസ്റ്റിസ് കെകെ രാമകൃഷ്ണന്റെ വിശദീകരണം.

2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു. തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചു. സ്‌പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.

"സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയാണ്. ജീവിതത്തിന്റെ അടിസ്ഥാനപരമായ ഫിലോസഫി തന്നെ ഇത്തരം കുറ്റങ്ങളിൽ നിന്ന് മാറിനിൽക്കുക എന്നതാകണം. കൈക്കൂലി വാങ്ങിയാൽ വാങ്ങുന്നവരുടെ കുടുംബം കൂടിയാണ് ഇല്ലാതാകുന്നത്. അനധികൃതമായി എത്തിയ പണം കൊണ്ട് അവർ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനവർ അനുഭവിക്കണം. അഴിമതി മുങ്ങിക്കിടക്കുകയാണ് ഈ രാജ്യം. ഓരോ വീടുകളിൽ നിന്നുമാണ് അഴിമതിയുടെ ആരംഭം. വീട്ടിലുള്ളവർ തന്നെ അതിന് കൂട്ടുനിന്നാൽ ഇതെവിടെ ചെന്ന് അവസാനിക്കും? ദേവനായകിയുടെ ആർഭാടപൂർണമായ ജീവിതം അനധികൃതമായെത്തിയ പണം കൊണ്ടുണ്ടായതാണ്. അതുകൊണ്ട് തന്നെ അതിന്റെ വരുംവരായ്കകൾ അവർ അനുഭവിക്കണം. അവരും കുറ്റകൃത്യത്തിൽ ഒരുപോലെ പങ്കാളിയാണ്". കോടതി പറഞ്ഞു.

1992 ജനുവരി മുതൽ 1996 ഡിസംബർ വരെയുള്ള കാലയളവിൽ 6.7 ലക്ഷം രൂപ ശക്തിവേൽ അനധികൃതമായി സമ്പാദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസ് നടക്കുന്നതിനിടെ ശക്തിവേൽ മരിച്ചതിനാൽ കൂട്ടുപ്രതിയായ ദേവനായകിയ്ക്ക് കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചു. ഈ വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ദേവനായകിയുടെ അപ്പീൽ തള്ളിയത്.

TAGS :

Next Story