ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
''അഗ്നിവീർ പദ്ധതിയും പിൻവലിക്കും. യുവാക്കൾക്ക് മേലുള്ള ക്രൂരമായ തമാശയാണ് അഗ്നിവീര്‍''
തിരുവനന്തപുരം: 'ഇൻഡ്യ' മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഉൾപ്പെടെ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ അഞ്ച് നിയമങ്ങൾ പിൻവലിക്കും. അതിലൊന്നാണ് സി.എ.എ. അമ്പതോളം നിയമങ്ങൾക്ക് പ്രശ്നമുണ്ട്. ഇതിൽ അഞ്ച് നിയമങ്ങൾ പൂർണമായും പിൻവലിക്കും. സി.എ.എ ഭേദഗതി ചെയ്യുകയല്ല, പൂർണമായി പിൻവലിക്കുമെന്നും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായ പി ചിദംബരം വ്യക്തമാക്കി.
അഗ്നിവീർ പദ്ധതിയും പിൻവലിക്കും. യുവാക്കൾക്ക് മേലുള്ള ക്രൂരമായ തമാശയാണ് അഗ്നിവീര്‍. സൈനിക വിരുദ്ധ പദ്ധതിയാണിത്. നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.
Adjust Story Font
16