'ഫ്യൂസ് പോയ ട്യൂബ്‍ലൈറ്റ്, മെയ്ഡ് ഇന്‍ ചൈന'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പിയുടെ പോസ്റ്റര്‍
2020ല്‍ പ്രധാനമന്ത്രി രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു
രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പോസ്റ്റര്‍
ഡല്‍ഹി: പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി.ജെ.പി. 'ഫ്യൂസ് ട്യൂബ് ലൈറ്റ്' (Fuse Tube light) എന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി രാഹുൽ ഗാന്ധിയുടെ പോസ്റ്റര്‍ എക്സില്‍ പങ്കുവെച്ചത്. മെയ്‍ഡ് ഇൻ ചൈന എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു. "കോൺഗ്രസ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നു" എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
2020ല്‍ പ്രധാനമന്ത്രി രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ''ഞാന്‍ 30-40 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും'' എന്നാണ് മോദി പറഞ്ഞത്. ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല മോദി പെരുമാറുന്നതെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. ''പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണുള്ളത്. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവെ പെരുമാറുന്നത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല. പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്നും''എന്നാണ് രാഹുല്‍ പറഞ്ഞത്.
Fuse Tubelight pic.twitter.com/SQax9wdZhQ
— BJP (@BJP4India) November 24, 2023
അതേസമയം പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്ന പരാതിയിൽ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഇന്ന് മറുപടി നൽകണം. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി പരാതി നൽകിയത്. പ്രധാനമന്ത്രിയെ 'ദുശ്ശകുന'മെന്നും 'പോക്കറ്റടിക്കാരൻ' എന്നു പരാമർശിച്ചെന്നു ആരോപിച്ചാണ് ബി.ജെ.പി പരാതി നൽകിയത്. രാഹുലിന്‍റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നു എന്നതാണ് ബി.ജെ.പി നിലപാട്. പരാതിക്ക് തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ, കാരണം കാണിക്കൽ നോട്ടീസ് രാഹുലിന് നൽകിയത്.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോൾ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.
മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിൻറെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നതിൻറെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനമുണ്ടായത്.
Adjust Story Font
16