Quantcast

‘മോദി പറഞ്ഞത് പച്ചക്കള്ളം’; കർണാടകയിൽ മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ജനതാദൾ സർക്കാർ

മുസ്‍ലിംകളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനെതിരെ മോദി രംഗത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-25 08:44:55.0

Published:

25 April 2024 8:41 AM GMT

Over 20,000 citizens write to EC seeking action against PM Narendra Modi for hate speech against Muslim community
X

നരേന്ദ്ര മോദി

ബെംഗളൂരു: 1995ൽ എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാറാണ് കർണാടകയിൽ മുസ്‍ലിംകളെ ആദ്യമായി ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കർണാകടയിൽ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനെ വിമർശിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോൺഗ്രസെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ജനതാദൾ ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമാണെന്നതാണ് മറ്റൊരു വസ്തുത.

മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുസ്‍ലിംകൾക്ക് സംവരണം നടപ്പാക്കുമെന്ന് ഒരിക്കൽ വീമ്പിളക്കിയ ദേവഗൗഡ ഇപ്പോഴും തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ? അതോ നരേന്ദ്ര മോദിക്ക് മുന്നിൽ കീഴടങ്ങി മുൻ നിലപാട് മാറ്റുമോ? അദ്ദേഹം അത് സംസ്ഥാനത്തെ ജനങ്ങളോട് വ്യക്തമാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

1995-ൽ ദേവഗൗഡ സർക്കാർ കർണാടകയിലെ മുസ്‍ലിംകൾക്ക് ഒ.ബി.സി ക്വാട്ടയിൽ 2 ബി എന്ന പ്രത്യേക വിഭാഗമുണ്ടാക്കി നാല് ശതമാനം സംവരണം നൽകുകയായിരുന്നു. 1995 ഫെബ്രുവരി 14നാണ് കർണാടക സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചിന്നപ്പ റെഡ്ഡി കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും ആകെയുള്ള സംവരണം 50 ശതമാനമായി പരിമിതപ്പെടുത്താനുള്ള സുപ്രിംകോടതി നിർദേശം പാലിച്ചുവെന്നും ഉത്തരവിൽ വ്യക്തമാക്കി.

റെഡ്ഡി കമ്മീഷൻ മുസ്‌ലിംകളെ ഒ.ബി.സി പട്ടികക്ക് കീഴിൽ കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്താനാണ് ശുപാർശ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 1994 ഏപ്രിൽ 20, ഏപ്രിൽ 25 തീയതികളിലെ ഉത്തരവിലൂടെ മുസ്‌ലിംകൾക്കും പട്ടികജാതിയിൽനിന്ന് പരിവർത്തനം ചെയ്ത ബുദ്ധമതക്കാർക്കും ക്രിസ്തുമതക്കാർക്കും ‘കൂടുതൽ പിന്നാക്കക്കാർ’ എന്ന കാറ്റഗറി 2ബിയിൽ ആറ് ശതമാനം സംവരണം പ്രഖ്യാപിച്ചു. മുസ്‍ലിംകൾക്ക് നാല് ശതമാനം സംവരണം നൽകിയപ്പോൾ ബുദ്ധമതത്തിലേക്കും ക്രിസ്തുമതത്തിലേക്കും പരിവർത്തനം ചെയ്തവർക്ക് രണ്ട് ശതമാനം സംവരണം നൽകി.

1994 ഒക്‌ടോബർ 24 മുതൽ സംവരണം പ്രാബല്യത്തിൽ വരുമെന്നാണ് കോൺഗ്രസ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, സംവരണം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. 1994 സെപ്റ്റംബർ ഒമ്പതിന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി എന്നിവയുൾപ്പെടെ മൊത്തത്തിലുള്ള സംവരണം 50 ശതമാനമായി പരിമിതപ്പെടുത്താൻ കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.

ഉത്തരവ് നടപ്പാക്കും മുമ്പ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭരണം നഷ്ടമായി. 1994 ഡിസംബർ 11ന് എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ ജനതാദൾ സർക്കാർ ഭരണത്തിലേറി. 1995 ഫെബ്രുവരി 14ന് സുപ്രിംകോടതിയുടെ ഇടക്കാല വിധിയനുസരിച്ച് മുൻ സർക്കാരിൻ്റെ സംവരണ തീരുമാനം ഭേദഗതികളോടെ ദേവഗൗഡ നടപ്പാക്കി.

2006ൽ ജെ.ഡി.എസും ബി.ജെ.പിയും ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചിരുന്നു. 2008ൽ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാറും നിലവിൽ വന്നു. ഈ കാലത്തൊന്നും ഈ സംവരണത്തിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല.

അതേസമയം, 2019-ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, 2023 മാർച്ച് 27-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒ.ബി.സിയിലെ 3 എ, 3 ബി വിഭാഗങ്ങൾ നിർത്തലാക്കാൻ നിർദേശിച്ചു. പകരം, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് 2 ശതമാനം വീതം സംവരണം നൽകാൻ തീരുമാനിച്ചു. കൂടാതെ മുസ്‌ലിംകൾക്കുള്ള 2 ബി വിഭാഗം നിർത്തലാക്കാനും സാമ്പത്തിക ദുർബലരായ വിഭാഗങ്ങൾക്കുള്ള 10 ശതമാനം ക്വാട്ടയിൽ അവരെ ഉൾപ്പെടുത്താനും നിർദേശിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ഈ തീരുമാനം ഉപേക്ഷിച്ചു.

TAGS :

Next Story