വിദേശത്തേക്ക് 14 യാത്രകൾ, വിവിധ സംസ്ഥാനങ്ങളിലേക്ക് 162; മണിപ്പൂരൊഴിവാക്കി മോദിയുടെ ഒളിച്ചുകളി !
മണിപ്പൂരിൽ സംഘർഷം കത്തിപ്പടരുമ്പോൾ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ക്യാംപെയ്‌നുകളിലായിരുന്നു മോദി
ന്യൂഡൽഹി: മെയ് 4, 2024- മണിപ്പൂർ അശാന്തമായിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ എത്ര തവണ സന്ദർശിച്ചു എന്ന് ചോദിച്ചാൽ കൈമലർത്തി കാണിക്കേണ്ടി വരും, മണിപ്പൂരിലെ ജനങ്ങൾക്ക്. കാരണം, താഴ്‌വരയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്നു വരെ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്നതാണ് വസ്തുത.
2023ൽ യാത്രകളൊന്നും നടത്താതിരുന്നിട്ടില്ല, മോദി. മണിപ്പൂരൊഴികെ മറ്റ് സംസ്ഥാനങ്ങളിലേക്കായി 162 യാത്രകളാണ് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നടത്തിയത്. ഇതിനിടെ 14 തവണ വിദേശത്തേക്കും പോയി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു ഒരു യാത്ര.
230 പേരുടെ കൊലപാതകത്തിനും 60,000 പേരുടെ വീട് തീവെച്ച് നശിപ്പിച്ച സംഘർഷങ്ങൾക്കുമൊക്കെ മണിപ്പൂർ വേദിയാകുമ്പോഴായിരുന്നു മോദിയുടെ വിദേശയാത്രകളൊക്കെയും. അതായത് മെയ് 3ന് ശേഷമാണ് 14 തവണയും മോദി വിദേശത്തേക്ക് തിരിച്ചത്.
താഴ്‌വര സംഘർഷത്തിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോഴും ഒരു യാത്ര പോലും മോദി മണിപ്പൂരിനായി മാറ്റി വച്ചില്ല. സംഘർഷങ്ങളിലൊന്നും തന്നെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെതിരെയോ മറ്റ് മന്ത്രിമാർക്കെതിരെയോ ഒരു നടപടിയും ഉണ്ടായതുമില്ല.
മണിപ്പൂരിൽ മോദിയുടെയും ബിജെപിയുടെയും കെടുകാര്യസ്ഥതയ്ക്കുള്ള മറുപടിയായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനം. താഴ്‌വരയിൽ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ ആയിരുന്നു ഇത്. ഈ വർഷം രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ തുടക്കവും മണിപ്പൂരിൽ നിന്നായിരുന്നു. മണിപ്പൂരിൽ മോദിയുടെ അസാന്നിധ്യം പ്രതിപക്ഷം കാര്യമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തു.
മണിപ്പൂരിൽ സംഘർഷം കത്തിപ്പടരുമ്പോൾ കർണാടകയിൽ നിയമസഭാ തെരഞ്ഞെപ്പിന്റെ ക്യാംപെയ്‌നുകളിൽ തിരക്കിലായിരുന്നു മോദി. കഴിഞ്ഞ വർഷം മാത്രം എട്ട് തവണ പ്രധാനമന്ത്രി കർണാടക സന്ദർശിച്ചു. ഗുജറാത്തിലേക്ക് 10 തവണയും യുപിയിലേക്ക് 17 തവണയുമാണ് ഇക്കാലയളവിൽ മോദി യാത്ര നടത്തിയത്.
ഇനി മണിപ്പൂർ ഒഴിവാക്കിയത് കൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നും മോദി പോയില്ല എന്ന് കരുതേണ്ട. ഇക്കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ അസ്സം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലൊക്കെ മോദി സന്ദർശനം നടത്തി. മൂന്ന് തവണയാണ് അസ്സമിലേക്ക് മാത്രം മോദി പോയത്. ത്രിപുരയിലേക്കും അരുണാചൽ പ്രദേശിലേക്കും ഓരോ തവണ വീതവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി നടത്തുന്ന ഒരു പരിപാടിയിലേക്കായിരുന്നു അരുണാചൽ പ്രദേശിലേക്ക് പ്രധാനമന്ത്രിയുടെ യാത്ര.
2023 മെയ് മുതൽ ഈ വർഷം ഏപ്രിൽ വരെ രാജസ്ഥാനിലേക്ക് മാത്രം മോദി 24 തവണ യാത്ര നടത്തിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാലയളവിൽ തന്നെ മധ്യപ്രദേശിലേക്ക് മോദി 22 തവണ യാത്ര നടത്തി. 2024 നവംബറിലായിരുന്നു രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളിൽ നിറസാന്നിധ്യമായിരുന്നു, പ്രധാനമന്ത്രി.
നവംബറിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയ മോദി മണിപ്പൂരിന്റെ അയൽ സംസ്ഥാനമായ മിസോറാമിനെയും തന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. മണിപ്പൂർ സംഘർഷങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട കുകി-സോ വിഭാഗക്കാർ ധാരാളമായി പലായനം ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു മിസോറാം.
Adjust Story Font
16