Quantcast

'ഇംറാന്‍ ഖാനെ പരസ്യമായി ആലിംഗനം ചെയ്തയാളാണ് അയാള്‍'; രാജിക്കത്തില്‍സിദ്ദുവിനെ പാക് അനുയായിയെന്ന് വിളിച്ച് അമരീന്ദര്‍ സിങ്

ഇന്നാണ് അമരീന്ദർ സിങ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയത്

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-11-02 14:30:19.0

Published:

2 Nov 2021 2:17 PM GMT

ഇംറാന്‍ ഖാനെ പരസ്യമായി ആലിംഗനം ചെയ്തയാളാണ് അയാള്‍; രാജിക്കത്തില്‍സിദ്ദുവിനെ പാക് അനുയായിയെന്ന് വിളിച്ച് അമരീന്ദര്‍ സിങ്
X

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു പാക് അനുയായിയാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കയച്ച രാജിക്കത്തിലാണ് അമരീന്ദർ സിദ്ദുവിനെ പാകിസ്താന്‍ അനുയായി എന്നു വിളിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കോൺഗ്രസിൽ നിന്ന് പുറത്ത് പോയ അമരീന്ദർ സിങ് ഇന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയത്.

'എന്‍റെയും പഞ്ചാബിലെ ഭൂരിഭാഗം എം.പിമാരുടെയും നിർദേശം മാനിക്കാതെയാണ് നിങ്ങൾ പാക് അനുയായിയായ സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയത്. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും ആർമി ചീഫ് ഗെൻ ബജ് വയെയും കോൺഗ്രസ് പ്രസിഡണ്ടായിരിക്കെ പരസ്യമായി ആലിംഗനം ചെയ്തയാളാണ് അയാൾ'. അമരീന്ദർ സിങ് പറഞ്ഞു.സിദ്ദുവിനെ കോൺഗ്രസ് അധ്യക്ഷനാക്കിയതിൽ നിങ്ങൾ ഒരിക്കൽ ഖേധിക്കുമെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

പഞ്ചാബ് ലോക് കോൺഗ്രസ് എന്ന തന്‍റെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തിയതിന് ശേഷമാണ് അമരീന്ദര്‍ സിങ് സോണിയാഗാന്ധിക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയത്.തന്‍റെ പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അമരീന്ദർ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നവ്ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.അമരീന്ദറിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമങ്ങൾ നടത്തുന്നതിനിടെ അഭ്യന്തര മന്ത്രി അമിത്ഷായെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിങ് ഉപാധി വെച്ചിരുന്നു. കർഷകസമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കാമെന്നായിരുന്നു അമരീന്ദർ സിങ്ങിന്‍റെ വാഗ്ദാനം.




TAGS :

Next Story