തീർപ്പാക്കിയ കേസിൽ ഡി.കെ. ശിവകുമാറിന് വീണ്ടും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്
കോൺഗ്രസിനെയും ഇൻഡ്യ മുന്നണിയെയും ബി.ജെ.പി ഭയപ്പെടുന്നുവെന്ന് ഡി.കെ. ശിവകുമാർ
ബെംഗളൂരു: നേരത്തേ തീർപ്പാക്കിയ കേസിൽ വീണ്ടും ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചത്. കോൺഗ്രസിന് ലഭിച്ച ഐ.ടി നോട്ടീസിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഡി.കെ. ശിവാകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. ഇവിടെയൊരു നിയമമുണ്ട്. എന്നാൽ, ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നു. അവർ പ്രതിപക്ഷത്തെ ലക്ഷ്യമിട്ടിരിക്കുകയാണ്. അതിനർഥം അവർ കോൺഗ്രസിനെയും ഇൻഡ്യ മുന്നണിയെയും ഭയപ്പെടുന്നു എന്നാണ്. ഈ ദൗർബല്യം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമെന്ന് അവർക്കറിയാം’ -ഡി.കെ. ശിവകുമാർ പറഞ്ഞു.
കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. 2020-21 , 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വെള്ളിയാഴ്ച വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്.
നേരത്തെ നാല് നോട്ടീസുകൾ കോൺഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസവും കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു.
ഇതുവരെ ലഭിച്ച നോട്ടീസുകള്‍ പ്രകാരം ഏകദേശം 1823 കോടി രൂപ അടക്കേണ്ടിവരും. ഇതിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് അറിയിച്ചു.
Adjust Story Font
16