Quantcast

ബിഹാറിലെ സംവരണം വർധിപ്പിക്കൽ: ആർജെഡിയുടെ ഹ​രജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

സംവരണം 50ൽ നിന്നു 65 ശതമാനമാക്കിയ സർക്കാർ നടപടിക്കെതിരെയാണ് ആർജെഡിയുടെ നീക്കം

MediaOne Logo

Web Desk

  • Updated:

    2024-09-06 08:12:36.0

Published:

6 Sep 2024 7:24 AM GMT

Increasing reservation in Bihar: Supreme Court notice to Center on RJDs plea, latest news malayalam, breaking news, ബിഹാറിലെ സംവരണം വർധിപ്പിക്കൽ: ആർജെഡിയുടെ ഹ​രജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്
X

ഡൽഹി: ബിഹാറിലെ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉയർത്തിയ പട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) നൽകിയ ഹരജിയിൽ കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും പ്രതികരണം തേടി സുപ്രിം കോടതി. ബിഹാറിൽ പട്ടികജാതി, പട്ടികവർഗ, അതി പിന്നാക്ക വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക്‌ ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമുള്ള സംവരണം 65 ശതമാനമായി ഉയർത്തിയിരുന്നു. നേരത്തെ 50 ശതമാനമായിരുന്നു സംവരണം.

കഴിഞ്ഞ ജൂൺ 20ന് പട്ന ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. സംവരണമുയർത്തൽ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം, അവസര സമത്വം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ന ഹൈക്കോടതി സർക്കാർ തീരുമാനം റദ്ദാക്കിയത്. ഇത് സുപ്രിംകോടതിയും സ്റ്റേ ചെയ്തിരുന്നില്ല. പട്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ബിഹാർ സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി അതിന് വിസമ്മതിക്കുകയായിരുന്നു. ഭരണഘടനയെ മറികടന്നുള്ള തെറ്റായ നടപടിയാണിതെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സംവരണം വർധിപ്പിച്ച നടപടി റദ്ദാക്കിയത്.

ഹരജിയിൽ ആർജെഡിയുടെ വാദം കേട്ടതിനു ശേഷമാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും ബിഹാർ സർക്കാറിനും നോട്ടീസ് അയച്ചത്. ആർജെഡിയുടെ ഹരജി വേ​ഗത്തിൽ തീർപ്പാക്കണമെന്ന മുതിർന്ന അഭിഭാഷകൻ പി. വിൽസൻ്റെ അഭിപപ്രായം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി. ഹൈക്കോടതി വിധിക്കെതിരെ ബിഹാർ സർക്കാറും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

ബിഹാറിൽ നടത്തിയ ജാതി സെൻസസിന്റെ ഭാ​ഗമായാണ് സംവരണത്തിൽ ഭേ​ഗദതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ബിജെപി അതിശക്തമായി എതിർത്ത, ജാതി സർവേ നടത്തിയാണ് നിതീഷ് കുമാർ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം 65 ശതമാനമാക്കി ഉയർത്തിയത്. സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള കേന്ദ്രസർക്കാരിൻറെ 10 ശതമാനം സംവരണം കൂടി ഉൾപ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമായി ഉയർന്നു. ജാതി സർവേ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയുടെ 63 ശതമാനത്തോളം പേർ ഒബിസി, ഇബിസി വിഭാഗത്തിൽപ്പെട്ടവരാണ്.

TAGS :

Next Story