Quantcast

യുപി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണി സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അഖിലേഷ് യാദവ്

ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ മുന്നണി വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു

MediaOne Logo

Web Desk

  • Published:

    24 Oct 2024 6:58 AM GMT

Akhilesh Yadav
X

ലഖ്നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ എല്ലാ ഇന്‍ഡ്യാ മുന്നണി സ്ഥാനാർഥികളും സമാജ്‍വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാൾ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിന് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ മുന്നണി വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു,” അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു. "ഈ അഭൂതപൂർവമായ സഹകരണവും പിന്തുണയും കൊണ്ട്, 9 നിയമസഭാ സീറ്റുകളിലും ഇന്‍ഡ്യാ മുന്നണിയിലെ ഓരോ പ്രവർത്തകനും വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ ഊർജം നിറയ്ക്കുന്നു," പോസ്റ്റില്‍ കുറിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലാണ് ഊന്നൽ നൽകുന്നതെന്നും അഖിലേഷ് പറഞ്ഞു.

കഠേഹാരി (അംബേദ്കർ നഗർ), കർഹാൽ (മെയിൻപുരി), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജവാൻ (മിർസാപൂർ), സിഷാമൗ (കാൻപൂർ), ഖൈർ (അലിഗഡ്), ഫുൽപൂർ (പ്രയാഗ്‌രാജ്), കുന്ദർക്കി(മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബർ 13-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ച് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എസ്പി നൽകിയത് വെറും രണ്ട് സീറ്റ് മാത്രമാണ്. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഗാസിയാബാദ് സദർ, ഖൈർ എന്നീ സീറ്റുകളാണ് കോൺഗ്രസിന് വിട്ടുനൽകിയത്. ഇതിന് പുറമെ ഫൂൽപൂർ, മഞ്ജാവ, മീരാപൂർ സീറ്റുകൾ കൂടി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ മുന്നണിക്ക് കീഴിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 43ലും വിജയിച്ച സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്പി 37 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട അമേഠിയും കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനായി.

TAGS :

Next Story