Quantcast

'വ്യക്തമായ ഭൂരിപക്ഷം കിട്ടും, ഫലം വന്നാൽ 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും': ജയ്‌റാം രമേശ്‌

സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി നേതൃത്വത്തിന് സ്വാഭാവിക അവകാശിയാകുമെന്നും ജയ്‌റാം രമേശ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-05-30 08:09:14.0

Published:

30 May 2024 8:01 AM GMT

INDIA bloc
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലം വന്ന് 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി നേതൃത്വത്തിന് സ്വാഭാവിക അവകാശിയാകുമെന്നും ജയ്‌റാം രമേശ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസം, പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്‍ഡ്യ മുന്നണി അധികാരം പിടിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം പ്രകടിപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകളെക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് ജയ്റാം രമേശ് പറഞ്ഞു.

ഇന്‍ഡ്യ സഖ്യം അധികാരത്തിലേറിയാല്‍ എൻ.ഡി.എയിലെ ചില കക്ഷികള്‍ സഖ്യത്തിലെത്തിയേക്കാമെന്നും അവരെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കണമെന്നും രമേശ് പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി തുടങ്ങിയ എന്‍.ഡി.എ സഖ്യകക്ഷികള്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം വാതില്‍ തുറക്കുമോ എന്നായിരുന്നു ചോദ്യം. ഇതില്‍ നിതീഷ് കുമാര്‍ മലക്കംമറിച്ചിലിന്റെ മാസ്റ്ററാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. നായിഡു 2019ല്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.

മനുഷ്യതവും സത്യസന്ധതയുമാണ് ഇൻഡ്യ സഖ്യത്തെ എൻ.ഡി.എയിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഈ രണ്ട് ഗുണങ്ങളുള്ള പാർട്ടികൾ അവർ ഇനി എൻ.ഡി.എയിൽ ആണെങ്കിലും ഇൻഡ്യ സഖ്യത്തിനൊപ്പം ചേരുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.

''ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കാന്‍ പോകുകയാണ്. അതേ വിവേകാനന്ദ സ്മാരകത്തില്‍നിന്നാണ് 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിരമിച്ചതിന് ശേഷമുള്ള മോദിയുടെ ജീവിതം ധ്യാനത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''- ജയ്‌റാം രമേശ് പറഞ്ഞു.

ഞങ്ങള്‍ക്ക് വ്യക്തവും നിര്‍ണായകവുമായ ഭൂരിപക്ഷം ലഭിക്കും. 2004ലെ ഫലമായിരിക്കും 2024-ല്‍ ആവര്‍ത്തിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജസ്ഥാന്‍, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വന്‍വിജയം നേടും. ഉത്തര്‍പ്രദേശിലെ പ്രകടനം ഇക്കുറി ബി.ജെ.പിക്ക് ആവര്‍ത്തിക്കാനാവില്ല, പശ്ചിമബംഗാളിലും അസമിലും ബി.ജെ.പി വിയര്‍ക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, അസം എന്നിവിടങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥാനം മെച്ചപ്പെടുമെന്നും മൊത്തത്തിൽ നോക്കുകയാണെങ്കില്‍ 2004ലെ ഒരു സാഹചര്യത്തിലേക്കാണ് ഇന്‍ഡ്യ സഖ്യം പോകുന്നതെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story