Quantcast

രാജ്യം ഇന്ന് 78ാം സ്വാതന്ത്രദിനാഘോഷ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്രദിന സന്ദേശം

MediaOne Logo

Web Desk

  • Published:

    15 Aug 2024 12:50 AM GMT

Independence Day 2024,India ,78th Independence Day ,latest malayalam news,സ്വാതന്ത്രദിനാഘോഷ നിറവിൽ,സ്വാതന്ത്ര്യദിനം
X

ഡൽഹി: രാജ്യം ഇന്ന് 78-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയത് കർഷകരാണെന്നു വ്യക്തമാക്കിയാണ് രാഷ്‌ട്രപതി സ്വാതന്ത്ര്യം ദിന സന്ദേശം നൽകിയത്. ഭരണ ഘടന മൂല്യങ്ങൾ മുറുകെ പിടിച്ചാണ് രാജ്യം മുന്നേറുന്നത്. രാവിലെ 7 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്തോടെ സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് തുടക്കമാകും. 18000 ത്തിലധികം പേരാണ് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഇത്തവണ പങ്കെടുക്കുന്നത്.കര്‍ഷകര്‍, യുവജനങ്ങള്‍ വനിതകള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ത്തിലധികം പേർക്ക് ക്ഷണമുണ്ട്.

പാരീസ് ഒളിമ്പിക്സ് ജേതാക്കളും ചടങ്ങിൽ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് .രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി പതിനായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡൽഹിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 3000 ട്രാഫിക് പൊലീസിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 600ഓളം എ.ഐ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സ്വതന്ത്ര ദിന പ്രസംഗത്തിൽ പുതിയ പദ്ധതികൾ പ്രധാന മന്ത്രി പ്രഖ്യാപിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തും. രാവിലെ 9 മണിക്കാണ് മുഖ്യമന്ത്രി പതാക ഉയർത്തുക. വിവിധ സായുധസേന വിഭാഗങ്ങളുടെയും മറ്റു സേനാ വിഭാഗങ്ങളായ അശ്വാരൂഢ സേന, എൻസിസി, സ്കൗട്ട് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. ഇതിനുശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

വിശിഷ്ട സേവനത്തിനുള്ള മെഡലുകളും മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിന്റെ ഭാഗമായി വായുസേനയുടെ പുഷ്പ വൃഷ്ടിയും ഉണ്ടാകും. വിവിധ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനവും സംഘടിപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 9:30 ന് രാജ്ഭവനിൽ ദേശീയ പതാക ഉയർത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ ദേശീയ പതാകയുയർത്തി അഭിവാദ്യം സ്വീകരിക്കും. എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും സ്വാതന്ത്ര്യ ആഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. കെപിസിസി ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ നടക്കും. നിയമസഭാംഗണത്തിൽ സ്പീക്കർ എ എൻ ഷംസീർ 9 മണിക്ക് ദേശീയ പതാക ഉയർത്തും

TAGS :

Next Story