Quantcast

വിനോദസഞ്ചാരികൾക്കായി ഇന്ത്യ അറബി ഭാഷാ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു

ടോൾ ഫ്രീ നമ്പർ: 1800111363

MediaOne Logo

Web Desk

  • Published:

    8 Aug 2024 5:46 AM GMT

India launches Arabic language helpline for tourists
X

ന്യൂഡൽഹി: അറബി സംസാരിക്കുന്ന സന്ദർശകർക്കായി ഇന്ത്യൻ ടൂറിസം മന്ത്രാലയം അറബിക് ഭാഷാ വിവര ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാനും ഇന്ത്യയിലെ അവരുടെ യാത്രകളിൽ ആവശ്യമായ പിന്തുണയും സഹായവും നൽകാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇന്ത്യയുടെ ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ബുധനാഴ്ച ലോക്‌സഭയിലാണ് ഹെൽപ്പ്ലൈൻ പ്രഖ്യാപിച്ചത്.

ടോൾ ഫ്രീ നമ്പറായ 1800111363 ലൂടെ അറബിയിൽ സുപ്രധാന യാത്രാ വിവരങ്ങളും സേവനങ്ങളും ലഭിക്കും. കൂടാതെ, അറബിക് ഉൾപ്പെടെ 12 വിദേശ ഭാഷകളിൽ 1363 എന്ന ഹ്രസ്വ കോഡ് വഴി വിനോദസഞ്ചാരികൾക്ക് ഈ വിവരങ്ങൾ നേടാനാകും. ഹിന്ദിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. ഇവക്ക് പുറമേ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, മാൻഡാരിൻ (ചൈനീസ്), പോർച്ചുഗീസ്, റഷ്യൻ എന്നിവയാണ് ഹെൽപ്പ്ലൈനിലുള്ള ഭാഷകൾ.

മൊബൈൽ നെറ്റ്വർക്ക് സിസ്റ്റത്തിൽ മൾട്ടിമീഡിയ സന്ദേശങ്ങൾക്കും (എംഎംഎസ്) ഹ്രസ്വ സന്ദേശങ്ങൾക്കും (എസ്എംഎസ്) ഉപയോഗിക്കുന്ന ചുരുക്കിയ നമ്പറുകളാണ് ഹ്രസ്വ കോഡുകൾ, ഇത് വിനോദസഞ്ചാരികൾക്ക് സഹായം വേഗത്തിൽ നേടാൻ സഹായിക്കുന്നതാണ്.

'ടൂറിസം മന്ത്രാലയത്തിന്റെ പരിശ്രമത്തോടെ, 15 സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദർശകരെ സഹായിക്കാൻ പ്രത്യേക ടൂറിസ്റ്റ് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്,' ഷെഖാവത്ത് പറഞ്ഞു. ഈ നടപടികൾ ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നും അന്താരാഷ്ട്ര സന്ദർശകർക്ക് കൂടുതൽ ആസ്വാദ്യകരമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, ഒമാനികൾക്ക് ഇന്ത്യയിലേക്കുള്ള ഇ-വിസ ലഭ്യമാണെന്നാണ് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. അപേക്ഷകൾ 48 മണിക്കൂറിനുള്ളിൽ 16 ഒമാനി റിയാൽ നിരക്കിൽ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നുണ്ട്. വിസയ്ക്ക് ഒരു വർഷത്തേക്ക് സാധുതയുണ്ട്. 2023ൽ ഏകദേശം 50,000 ഒമാനികൾ ഇന്ത്യ സന്ദർശിച്ചതായാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. അതിനാൽ പുതിയ ഹെൽപ്പ്‌ലൈൻ ഒമാനി യാത്രക്കാർക്ക് വലിയ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുനരുപയോഗ ഊർജം, പ്രതിരോധം, സമുദ്ര സുരക്ഷ, ലോഹങ്ങളും ഖനനവും, ഉൽപ്പാദനം, എയ്റോസ്പേസ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഒമാനും ഇന്ത്യയും സഹകരണം വർധിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story