Quantcast

നികുതി വെട്ടിപ്പ് നടത്തി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് ജിയോക്ക് വിറ്റു; സാംസങ്ങിന് 5150 കോടി പിഴ ചുമത്തി കേന്ദ്രം

മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.

MediaOne Logo

Web Desk

  • Published:

    27 March 2025 9:44 AM

samsung
X

ഡല്‍ഹി: പ്രധാന ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങിനോട് 601 മില്യൺ ഡോളര്‍ (5150 കോടി രൂപ) നികുതിയടക്കാന്‍ ഉത്തരവിട്ട് കേന്ദ്രം. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.

2021-ല്‍ സാംസങ്ങിന്‍റെ മുംബൈയിലെ ഓഫീസില്‍ വരുമാന നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സാംസങ്ങിനെതിരെ അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ വിവിധ രേഖകളും, ഇ-മെയിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

4ജി ടെലികോം നെറ്റ്‌വര്‍ക്കിന് വേണ്ടിയുള്ള റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമായി 78.4 കോടി ഡോളര്‍ (6717.63 രൂപ) മൂല്യമുള്ള യൂണിറ്റുകളാണ് നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതെന്ന് കാണിച്ച് നികുതി നല്‍കാതെ സാംസങ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ ഉപകരണങ്ങള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ നികുതിക്ക് വിധേയമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് അധികൃതര്‍ സാംസങ് മനഃപൂര്‍വം രേഖകള്‍ മാറ്റിയതാണെന്ന് ആരോപിച്ചു. സാംസങ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുവെന്നും മനഃപൂർവ്വം ക്ലിയറൻസിനായി കസ്റ്റംസ് അതോറിറ്റിക്ക് മുന്നിൽ തെറ്റായ രേഖകൾ ഹാജരാക്കിയെന്നും കസ്റ്റംസ് കമ്മീഷണറായ സോണൽ ബജാജ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ടെലികോം ടവറുകളില്‍ സിഗ്നലുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനായി ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് റേഡിയോ ഹെഡ്. ഇത് നികുതിക്ക് വിധേയമാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ ഉപകരണം ഒരു ട്രാന്‍സീവറിന്‍റെ ജോലി ചെയ്യുന്നില്ലെന്നും നികുതിക്ക് വിധേയമല്ലെന്നുമാണ് സാംസങ് വാദിച്ചത്. 2020 ല്‍ സാംസങ് സര്‍ക്കാരിനയച്ച കത്തുകളില്‍ ഈ ഉപകരണം ട്രാന്‍സീവര്‍ എന്ന നിലയിലാണ് കമ്പനി വിവരിക്കുന്നതെന്ന് വരുമാന നികുതി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉത്തരവനുസരിച്ച് സാംസങ് നികുതിയും പിഴയുമായി നല്‍കേണ്ടത് 52 കോടി ഡോളറാണ് (4455 കോടി രൂപ). അതേസമയം കമ്പനിയുടെ ഇന്ത്യ നെറ്റ്‌വര്‍ക്ക് ഡിവിഷന്‍ വൈസ് പ്രസിഡന്‍റും സിഎഫ്ഓയും ഉള്‍പ്പടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരും അധിക പിഴയായി 8.1 കോടി ഡോളര്‍ നല്‍കണം.

TAGS :

Next Story