Quantcast

ഫൈനല്‍ ലഖ്നൗവിലായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു; ബി.ജെ.പിക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്

MediaOne Logo

Web Desk

  • Published:

    22 Nov 2023 4:42 AM GMT

Akhilesh Yadav
X

അഖിലേഷ് യാദവ്

ലഖ്നൗ: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അഹമ്മദാബാദിനു പകരം ലഖ്നൗവിലാണ് നടന്നതെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്. മത്സരം ലഖ്നൗവിലായിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്‍റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻ സമാജ്‌വാദി പാർട്ടി സർക്കാർ 'ഏകാന സ്റ്റേഡിയം' എന്നാണ് പേര് നല്‍കിയിരുന്നത്. മഹാവിഷ്ണുവിന്‍റെ പേരുകളിലൊന്നാണ് ഏകന. പിന്നീട്, 2018-ൽ യോഗി ആദിത്യനാഥ് സർക്കാർ 'ഭാരത് രത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം' എന്ന് പുനർനാമകരണം ചെയ്തു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിൽ ചില പ്രശ്‌നങ്ങളുണ്ടായതിനാൽ കളിക്കാരുടെ തയ്യാറെടുപ്പ് അപൂർണമായെന്നും അഖിലേഷ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയുടെ പരാജയത്തില്‍ നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. 'ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ 'ദുശ്ശകുനം' എത്തിയതോടെ കളി തോറ്റു' എന്നാണ് രാഹുല്‍ പറഞ്ഞത്. ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.

ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ ഏറെ ദുഃഖിതരായിരുന്നു. ഇതിനിടെയാണ് ക്യാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങൾ വളരെ അസ്വസ്ഥരായിരുന്നുവെന്നാണ് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചത്.

TAGS :

Next Story