യുഎസിൽ ഇന്ത്യൻ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ഖലിസ്ഥാൻ വാദികൾ; ഒപ്പം അസഭ്യവും ഭീഷണിയും
യുഎസ് സീക്രട്ട് സർവീസും ലോക്കൽ പൊലീസുമാണ് സംഘത്തിൽ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്.
വാഷിങ്ടൺ: വിദേശരാജ്യങ്ങളിൽ ഖലിസ്ഥാൻവാദികളുടെ അതിക്രമം തുടരുന്നു. യുഎസിൽ ഖലിസ്ഥാൻവാദികൾ ഇന്ത്യൻ മാധ്യമപ്രവർത്തകനെ ആക്രമിച്ചു. പിടിഐ മാധ്യമപ്രവർത്തകനാണ് ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന ഖലിസ്ഥാൻ അനൂലികളുടെ മർദനത്തിന് ഇരയായത്. തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പെലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് വിദേശരാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അതിക്രമം തുടരുന്നത്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യുഎസ് കറസ്പോണ്ടന്റായ ലളിത് കെ ഝാ ആണ് ആക്രമണത്തിന് ഇരയായത്. യുഎസ് സീക്രട്ട് സർവീസും ലോക്കൽ പൊലീസുമാണ് സംഘത്തിൽ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. പ്രതിഷേധത്തിലെ പ്രസംഗത്തിലുടനീളം റിപ്പോർട്ടർമാരുടെ നേർക്ക് കൈ ചൂണ്ടി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അവർ അവരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തു.
പ്രതിഷേധക്കാർ പിടിഐ ലേഖകന്റെ ക്യാമറയ്ക്ക് മുന്നിൽ വന്ന് മുഖത്ത് ഖാലിസ്ഥാൻ പതാക വച്ച് ഷൂട്ടിങ് തടസപ്പെടുത്തുക മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അതിക്രമം നേരിട്ട റിപ്പോർട്ടർ 911 എന്ന നമ്പറിൽ വിളിച്ച് സുരക്ഷയ്ക്കായി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു.
പ്രതിഷേധക്കാരിൽ ഒരാൾ മാധ്യമപ്രവർത്തകനെ അധിക്ഷേപിക്കുകയും നിങ്ങൾ 'എന്താണ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതെന്ന് എന്നോട് പറയണം' എന്നാവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധക്കാരുടെ അതിക്രമത്തെക്കുറിച്ച് റിപ്പോർട്ടർ പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ പിൻവാങ്ങി. കുറച്ച് സമയത്തിന് ശേഷം, പ്രതിഷേധക്കാരിൽ രണ്ട് പേർ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് സമീപം നിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെ വന്നു.
അക്രമം ഉണ്ടാകുകയും റിപ്പോർട്ടറെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌താൽ അതിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ മറ്റ് പ്രതിഷേധക്കാരൻ റിപ്പോർട്ടർക്ക് നേരെ അസഭ്യം പറയുകയും അധിക്ഷേപം ചൊരിയുകയും കൈയിലുണ്ടായിരുന്ന രണ്ട് ഖാലിസ്ഥാൻ പതാകകൾ കൊണ്ട് റിപ്പോർട്ടറുടെ ഇടത് ചെവിയിൽ അടിക്കുകയും ചെയ്തു. എന്നാൽ ഇനിയിത്തരം അതിക്രമങ്ങൾ ആവർത്തിക്കരുതെന്ന് രഹസ്യാന്വേഷണ വിഭാഗം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി. വാഷിങ്ടൺ ഡി.സിയിൽ നടന്ന ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പിടിഐ മാധ്യമപ്രവർത്തകനെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. ഇതോടെ സുരക്ഷയ്ക്കായി അദ്ദേഹം നിയമ നിർവഹണ ഏജൻസികളെ വിളിച്ചു. അവർ ഉടൻ പ്രതികരിച്ചു"- എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
"ഇത്തരം പ്രവർത്തനങ്ങൾ ഖലിസ്ഥാൻവാദികളുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും അക്രമപരവും സാമൂഹിക വിരുദ്ധവുമായ പ്രവണതകൾ അടിവരയിടുന്നതാണ്. അവർ പതിവായി അക്രമത്തിലും നശീകരണ പ്രവർത്തനത്തിലും ഏർപ്പെടുന്നു"- പ്രസ്താവനയിൽ പറയുന്നു. വിഷയത്തിൽ ഉടനിടപെട്ട ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി വിശദമാക്കി.
കഴിഞ്ഞദിവസങ്ങളിൽ കാനഡ, സാൻഫ്രാൻസിസ്കോ, ലണ്ടൻ എന്നിവിടങ്ങളിൽ ഖലിസ്ഥാൻവാദികളുടെ അതിക്രമം ഉണ്ടായിരുന്നു. കാനഡയിലെ ഒന്റാറിയോയിൽ മഹാത്മാഗാന്ധിയുടെ ആറടി വലിപ്പമുള്ള വെങ്കല പ്രതിമ ഖലിസ്ഥാൻവാദികൾ വികൃതമാക്കി. പ്രതിമയുടെ മുഖത്തുൾപ്പെടെ സ്പ്രേ പെയിന്റടിച്ച് വികൃതമാക്കിയ ഖലിസ്ഥാൻവാദികൾ, അതിനു ചുറ്റും ഇന്ത്യാ വിരുദ്ധ- ഖലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി നടത്തുകയും ചെയ്തു. ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും എഴുതി. പ്രതിമയിൽ ഗാന്ധിയുടെ കൈയിലുള്ള വടിയിൽ ഖാലിസ്ഥാൻ പതാക കെട്ടിവയ്ക്കുകയും ചെയ്തു.
അതിനു മുമ്പ്, സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയാണ് ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായത്. വാളുകളും മരക്കമ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കോൺസുലേറ്റിലെത്തിയ അക്രമികൾ, കെട്ടിടത്തിന്റെ വാതിലുകളിലും ജനലുകളിലും ഉള്ള ചില്ലുകൾ അടിച്ചുതകർത്തിരുന്നു. കെട്ടിടത്തിന്റെ പുറംഭിത്തിയിൽ "അമൃത്പാലിനെ സ്വതന്ത്രമാക്കൂ" എന്ന് സ്പ്രേ ചെയ്യുകയും ചെയ്തു.
ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു സാൻഫ്രാൻസിസ്കോയിലും ഖലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ഇന്ത്യൻ ഹൈകമ്മീഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ ത്രിവർണ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിക്രമത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു ഖലിസ്ഥാനി വാദിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16