അദാനി ആഘാതത്തിന് അറുതി; ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റ് തിരിച്ചുകയറുന്നതായി റിപ്പോർട്ട്
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽനിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്
Adani, Indian Stock Market
ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിനുണ്ടായ ആഘാതം വലച്ച ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റ് തിരിച്ചുകയറുന്നു. വരുന്ന വർഷത്തിൽ നില മെച്ചപ്പെടുമെന്നാണ് ഇന്ത്യൻ ഓഹരികളിലെ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. 3.1 ട്രില്യൺ ഡോളർ വിദേശ ഫണ്ടുകൾ ഇക്വിറ്റി മാർക്കറ്റിലേക്ക് തിരിച്ചുവരാൻ തുടങ്ങുന്നതായും നിരീക്ഷിക്കുന്നു.
ജനുവരിയിൽ റിപ്പോർട്ട് വന്നതിനെ തുടർന്നുണ്ടായ പിൻവാങ്ങലിന് ശേഷം ഓഹരി മൂല്യം ഉയർന്ന നിലയിലേക്ക് കയറുകയാണ്. ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് വിപണിയെ പിടിച്ചു കുലുക്കിയിരുന്നു. തുടർന്ന് ഗ്രൂപ്പിന്റെ ഓഹരി മൂല്യം കുത്തനെയിടിഞ്ഞു. ഇതിനെ ഓഹരി മാർക്കറ്റ് അതിജയിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ബ്ലൂംബെർഗ് ന്യൂസ് സർവേ പ്രകാരം, ശക്തമായ ആഭ്യന്തര ഡിമാൻഡ് കോർപ്പറേറ്റ് വരുമാനം വർദ്ധിപ്പിക്കുന്നതിനാൽ ഇന്ത്യയുടെ പ്രധാന ഇക്വിറ്റി സൂചികകൾ നിലവിലെ നിലവാരത്തേക്കാൾ ഉയർന്നതായാണ് ഈ വർഷം അവസാനിക്കുന്നതെന്നാണ് ഫണ്ട് മാനേജർമാർ കാണുന്നത്.
'അദാനി പ്രശ്നമുണ്ട്, ഇന്ത്യൻ വിപണിയുമുണ്ട്, അവ വേറിട്ടുനിൽക്കുന്നതാണ്' മുംബൈയിലെ ആൽഡർ ക്യാപിറ്റലിലെ ഇൻവെസ്റ്റ്മെന്റ് മാനേജർ രാഖി പ്രസാദ് പറഞ്ഞു. 'പല ഇന്ത്യൻ കമ്പനികളുടെയും ഭരണ നിലവാരം ആഗോള കമ്പനികൾക്ക് തുല്യമായതിനാൽ അദാനിയുടെ വിറ്റുവരവ് ഇന്ത്യയുടെ പ്രശ്‌നമല്ല, മറ്റ് പല രാജ്യങ്ങളിലും സമാനമായ പ്രശ്‌നങ്ങൾ കാണാം' അവർ പറഞ്ഞു.
പത്തു ലക്ഷം കോടിയുടെ നഷ്ടം
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽനിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. ഇതിന് ശേഷം കമ്പനിക്കേറ്റ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണിയിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു.
എസിസി, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അംബുജ സിമെന്റ്സ്, എൻഡിടിവി എന്നീ കമ്പനികളാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അദാനി കമ്പനികൾ.തിരിച്ചടികൾക്ക് പിന്നാലെ അദാനി ഗ്രീൻ എനർജിയുടെ റേറ്റിങ് മൂഡീസ് ഇൻവസ്റ്റർ സർവീസ് സ്റ്റേബിളിൽനിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയിരുന്നു.
ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള നീക്കം പൊളിഞ്ഞു
അതിനിടെ, 7017 കോടി രൂപയ്ക്ക് ഊർജ്ജ കമ്പനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞിരുന്നു. ഇരുകമ്പനികളും തമ്മിൽ ഒപ്പുവച്ചെ ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവർ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 15 ആയിരുന്നു വിനിമയം നടത്തി ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തിയ്യതി. 2022 ആഗസ്ത് 18നായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള കരാർ. ആ വർഷം ഒക്ടോബർ 31ന് ഏറ്റെടുക്കൽ പൂർത്തിയാക്കണം എന്നാണ് ധാരണാ പത്രത്തിൽ പറഞ്ഞിരുന്നത്. പിന്നീട് ഇത് നാലു തവണ മാറ്റിവച്ചെങ്കിലും അദാനി പവറിന് ആവശ്യമായ തുക കണ്ടെത്താനായില്ല എന്നാണ് വിവരം. ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ ചാമ്പയിൽ 1200 മെഗാ വാട്ട് കോൾ ഫയേഡ് പവർ പ്ലാന്റാണ് ഡി.ബി പവറിന് സ്വന്തമായുള്ളത്.
Indian stock market bounces back after the Hindenburgh report hit Adani Group.
Adjust Story Font
16