'ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് തന്നെ'; തെളിവുമായി കങ്കണ
താൻ ഉയർന്ന ഐക്യുവിൽ സംസാരിക്കുന്നതിനാൽ സാധാരണക്കാർക്ക് മനസിലാവുന്നില്ലെന്ന് കങ്കണ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസാണെന്ന് പറഞ്ഞ് ട്രോളുകളും വിമർശനങ്ങളുമേറ്റുവാങ്ങിയതിന് പിന്നാലെ തന്റെ പ്രസ്താവനയെ പ്രതിരോധിച്ച് നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് തന്നെയാണെന്നാണ് കങ്കണയുടെ വാദം. ഇതിന് തെളിവായി 1943ൽ ബോസ് സിഗപ്പൂരിൽ ആസാദ് ഹിന്ദിന്റെ കീഴിൽ ഗവൺമെന്റ് രൂപീകരിച്ചതിന്റെയും സ്വയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിച്ചതിനെയും പറ്റിയുള്ള വാർത്തയുടെ സ്‌ക്രീൻഷോട്ടും താരം എക്‌സിൽ പങ്കുവച്ചു.
ടൈംസ് നൗ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു സുഭാഷ് ചന്ദ്രബോസിനെ ആദ്യ പ്രധാനമന്ത്രിയാക്കി കങ്കണയുടെ പരാമർശം. ഇതിന് പിന്നാലെ കങ്കണയുടെ ലോകവിവരത്തെക്കുറിച്ചും ഐക്യുവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി നിരവധിയാളുകൾ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.
എന്നാൽ തന്റെ വിമർശകർക്കാണ് ലോകവിവരമില്ലാത്തത്, അവർക്ക് വിദ്യാഭ്യാസം വേണം. താൻ ഒരു സിനിമയെഴുതി സംവിധാനം ചെയ്തയാളാണ്, നെഹ്‌റു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ തെറ്റിധാരണയാണ് ഇങ്ങനെ പറയിക്കുന്നതെന്നും കങ്കണ പറഞ്ഞു.
താൻ സംസാരിക്കുന്നത് തന്റെ വിമർശകരേക്കാളും ഉയർന്ന ഐക്യുവിലാണ് ഇത് മനസിലാക്കാത്ത വിമർശകർ തന്നെ ഐക്യുവില്ലാത്തവളായാണ് കരുതുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും 2022ൽ സമാനമായ പരാമർശം നടത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജപ്പാന്റെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച 'ആസാദ് ഹിന്ദ് സർക്കാർ' സൂചിപ്പിച്ചുകൊണ്ടാണ് അന്ന് രാജ്നാഥ് സിങ് സുഭാഷ് ചന്ദ്രബോസിനെ പ്രഥമ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.
Adjust Story Font
16