മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ തോതിൽ വർധനവ്
യുക്രൈൻ യുദ്ധവും അന്താരാഷ്ട്ര വ്യാപാര വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പത്തിന് കാരണമായെന്നാണ് വിലയിരുത്തൽ
ന്യൂ ഡൽഹി: രാജ്യത്ത് മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ തോതിൽ വർധനവ്. മൊത്തവില സൂചിക 15.08 ശതമാനമായി ഉയർന്നു. രാജ്യത്ത് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യുക്രൈൻ യുദ്ധവും അന്താരാഷ്ട്ര വ്യാപാര വിതരണ ശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവർധനയും സർക്കാർ നികുതി കുറയ്ക്കാത്തതുമാണ് പണപ്പെരുപ്പം ഉയരാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ വായ്പകളുടെ പലിശ നിരക്ക് ഉയർത്താനാണ് റിസർവ് ബാങ്കിന്റെ നീക്കം. ധാന്യങ്ങളുടെ വിലക്കയറ്റം കഴിഞ്ഞ 21 മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന തോതിലാണ്. പച്ചക്കറി വില 17 മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ്.
പണപ്പെരുപ്പം പിടിച്ചുനിർത്താൻ നികുതി നിയന്ത്രിക്കണമെന്ന് റിസർവ് ബാങ്ക് നേരത്തെയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജിഎസ്ടി വരുമാനം റെക്കോർഡിലെത്തിയിരുന്നു. ഇക്കാലയളവിലെ സർക്കാരിന്റെ പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനവും ഉയർന്നു. എന്നിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പണപ്പെരുപ്പം പിടിച്ചു നിർത്താൻ പലിശ നിരക്കുകൾ ഉയർത്തുക മാത്രമാണ് റിസർവ് ബാങ്കിൻറെ മുന്നിലുള്ള മാർഗം.
ഈ മാസം പലിശ നിരക്ക് 0.4 ശതമാനം ഉയർത്തിയിരുന്നു. അടുത്ത മാസം ചേരുന്ന പണനയ സമിതി പലിശ നിരക്ക് 0.35 ശതമാനം മുതൽ 0.4 ശതമാനം വരെ വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഭവന, വാഹന വായ്പകൾ എടുത്തവരുടെ പലിശ ബാധ്യത കൂടും.
Adjust Story Font
16