ഇൻഷുറൻസ് തട്ടിപ്പ്: സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കാൻ യുവാവിനെ ചുട്ടുകൊന്നു; ഡോക്ടർ പിടിയിൽ
കൊലപാതകം നടത്തിയത് ക്രൈം ടെലിവിഷൻ പരമ്പരയായ സിഐഡിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട്
മീററ്റ്: സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കാനായി മറ്റൊരാളെ ചുട്ടു കൊലപ്പെടുത്തിയ ഡോക്ടർ പിടിയിൽ. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് സംഭവം. 30 ലക്ഷം രൂപയുടെ കടബാധ്യതയുള്ള ഡോ. മുബാറക് അഹമ്മദ് (35) ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു.
ക്രൈം ടെലിവിഷൻ പരമ്പരയായ സിഐഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്. മുബാറക് ജോലി ചെയ്യുന്ന ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 32കാരനായ സോനുവിനെയാണ് കൊലപ്പെടുത്തിയത്. സോനുവിനെ മദ്യപിക്കാനായി വിളിച്ചു വരുത്തുകയും മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം വാഹനത്തിനുള്ളിൽ കയറ്റി കത്തിക്കുകയായിരുന്നു. മരിച്ചുവെന്ന വാർത്ത പുറത്തു വന്നാൽ ഭാര്യയെയും കുടുംബത്തെയും വിട്ട് മരണ സർട്ടിഫിക്കറ്റോടെ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുക എന്നുള്ളതായിരുന്നു പ്രതിയുടെ നീക്കമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
നാട്ടുകാരിലൊരാൾ കാർ കത്തിയ നിലയിൽ കാണുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഡോക്ടറെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങൾ പരന്നതോടെ സോനുവിനെ അവസാനമായി കണ്ടത് മുബാറിക്കിനൊപ്പം മദ്യപിക്കുന്നതായിട്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡോ. മുബാറിക് അഹമ്മദിനെ കണ്ടെത്തുകയായിരുന്നു.
Adjust Story Font
16