സ്ത്രീധനത്തിനായി മാറ്റിവച്ച 75 ലക്ഷം രൂപ വനിതാ ഹോസ്റ്റല്‍ നിര്‍മാണത്തിന് സംഭാവന ചെയ്ത് വധു
നവംബര്‍ 21നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം
സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എത്ര പണം കിട്ടിയാലും മതിയാകാത്ത ചില കുടുംബങ്ങള്‍ അതിന്‍റെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാലം. ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഒരു സദ്‍വാര്‍ത്ത എത്തിയിരിക്കുകയാണ്. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കാനായി മാറ്റിവച്ചിരിക്കുകയാണ് ഒരു വധു. ബാർമർ നഗരത്തിലെ കിഷോർ സിംഗ് കാനോദിന്റെ മകൾ അഞ്ജലി കൻവാറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍തുക സംഭാവന നല്‍കിയത്.
നവംബര്‍ 21നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം. വിവാഹത്തിന് മുന്‍പ് തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്‍കണമെന്ന് അഞ്ജലി പിതാവിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ദൈനിക് ഭാസ്കറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.കിഷോര്‍ സിംഗ് ഇതിന് സമ്മതം മൂളുകയും മകളുടെ ആഗ്രഹപ്രകാരം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നല്‍കുകയും ചെയ്തു.
വിവാഹചടങ്ങുകള്‍ക്ക് ശേഷം അഞ്ജലി തന്‍റെ ആഗ്രഹത്തെക്കുറിച്ച് അതിഥികളോട് പറയുകയും ചെയ്തു. കരഘോഷത്തോടെയാണ് സദസ് അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്. തുടര്‍ന്ന് പിതാവ് ഒരു ബ്ലാങ്ക് ചെക്ക് നല്‍കുകയും ആവശ്യമുള്ള തുക പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത താരതാര മഠത്തിന്‍റെ ഇപ്പോഴത്തെ തലവനായ മഹന്ത് പ്രതാപ് പുരി, ഈ സംരംഭത്തെ പ്രശംസിച്ചു. കന്യാദാന സമയത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചതും സമൂഹത്തിന്‍റെ പുരോഗതിക്കായി പണം നീക്കിവച്ചതും പ്രചോദനാത്മകമായ കാര്യമാണെന്നും പറഞ്ഞു.
എൻ.എച്ച് 68-ൽ ഹോസ്റ്റൽ നിർമ്മിക്കുന്നതിന് കാനോദ് ഇതിനകം ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ 50 മുതൽ 75 ലക്ഷം രൂപ വരെ അധിക ഫണ്ട് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജലിയുടെയും പിതാവിന്‍റെയും തീരുമാനത്തെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് സോഷ്യല്‍മീഡിയ.
#positivenews #barmer #girleducation pic.twitter.com/UPl9BqXKfE
— Tribhuwan Singh Rathore 🇮🇳 (@FortBarmer) November 24, 2021
Adjust Story Font
16