അവരെ മോശം പറയുന്നത് നിർത്തൂ. ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ
"ജനങ്ങളെ നാണം കെടുത്തുന്നതും അപമാനിക്കുന്നതും ശക്തിയല്ല, ദൗർബല്യത്തിന്റെ അടയാളമാണ്"
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെ മോശം ഭാഷ പ്രയോഗിക്കുന്നത് നിർത്തണമെന്നും ആളുകളെ അപമാനിക്കുന്നത് ദൗർബല്യത്തിന്റെ അടയാളമാണെന്നും രാഹുൽ പറഞ്ഞു. എക്‌സിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
'ജയവും പരാജയവും ജീവിതത്തിൽ സംഭവിക്കുന്നതാണ്. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റാർക്കു നേരെയോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും അശ്ലീലം പറയുന്നതും നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളെ നാണം കെടുത്തുന്നതും അപമാനിക്കുന്നതും ശക്തിയല്ല, ദൗർബല്യത്തിന്റെ അടയാളമാണ്' - എന്നാണ് രാഹുലിന്റെ കുറിപ്പ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ശർമ്മയോട് തോറ്റ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 1.6 ലക്ഷം വോട്ടുകൾക്കായിരുന്നു ഇവരുടെ തോൽവി. 2019ൽ സ്മൃതിയോട് തോറ്റ രാഹുൽ അമേഠിയിൽനിന്ന് നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയ്തിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ സ്മൃതി ഇറാനിയെ നേരിടുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. അമ്മ സോണിയാ ഗാന്ധിക്ക് പകരം സഹോദരി പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽനിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പ്രിയങ്ക മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചതോടെ രാഹുൽ റായ്ബറേലി തെരഞ്ഞെടുക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരൻ കിശോരി ലാൽ ശർമ്മയ്ക്ക് അമേഠിയിൽ നറുക്ക് വീഴുകയും ചെയ്തു. രാഹുൽ ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കയാണ് ജനവിധി തേടുന്നത്.
Adjust Story Font
16