വിവാഹമോചന ആഘോഷത്തിലേക്ക് ക്ഷണം; പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി
ഒരു എൻജിഒ ആണ് പുരുഷന്മാരുടെ വിവാഹമോചന സന്തോഷത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലാണ് പൊതുവെ വിവാഹങ്ങള്‍ നടക്കുന്നത്. മിക്കവരും ആഘോഷമായിത്തന്നെ വിവാഹ ചടങ്ങുകള്‍ നടത്താറുണ്ട്. എന്നാല്‍ വിവാഹമോചനം ആഘോഷിക്കാന്‍ ക്ഷണക്കത്ത് കിട്ടുന്നത് അത്ര പരിചിതമായ കാര്യമല്ല. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള അത്തരമൊരു ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ ആണ് പുരുഷന്മാരുടെ വിവാഹമോചന സന്തോഷത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സെപ്തംബര്‍ 18നാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം കോടതികളിൽ നിന്ന് കിട്ടിയ വിവാഹമോചനം ആഘോഷിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ സന്തോഷത്തില്‍ പങ്കുചേരാനായിരുന്നു ക്ഷണം.
വിവാഹമോചനത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്ന് ആളുകളെ പ്രചോദിപ്പിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എന്‍ജിഒ വിശദീകരിച്ചു. വിവാഹമോചന കേസുകളിൽ പ്രതിസന്ധി നേരിടുന്ന പുരുഷന്മാർക്കായി എൻജിഒ ഒരു ഹെൽപ്പ് ലൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും കുടുംബപരമായും മാനസികമായും ഇത്തരമൊരു ഘട്ടം പലപ്പോഴും പുരുഷന്മാർക്ക് സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് എൻജിഒ ഭാരവാഹികൾ പറഞ്ഞു. അതിനാൽ ആർക്കെങ്കിലും 'സ്വാതന്ത്ര്യം' ലഭിക്കുമ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
സെപ്തംബർ 18ന് രാവിലെ 11 മണി മുതൽ ഭോപ്പാലിലെ ബിൽഖിരിയയിലെ റിസോർട്ടിൽ വെച്ച് വിവാഹ മോചന ചടങ്ങ് നടത്താനായിരുന്നു പദ്ധതി. ഇരുന്നൂറോളം പേരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. വിവാഹത്തിനിടെ അണിയിച്ച മാലയുടെ നിമജ്ജനം, മനുഷ്യന്റെ അന്തസ്സിനായി പ്രവർത്തിക്കാനുള്ള ഏഴ് ശപഥങ്ങള്‍ എന്നിങ്ങനെ വിവാഹമോചന ആഘോഷത്തിനും ചില ചടങ്ങുകള്‍ തീരുമാനിച്ചിരുന്നു. തങ്ങൾ സ്ത്രീകൾക്ക് എതിരല്ലെന്നും നിയമങ്ങളുടെ ദുരുപയോഗം തടയാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
ചില പ്രാദേശിക ഹിന്ദു സംഘടനകൾ പരിപാടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പരിപാടി റദ്ദാക്കിയെന്ന് എന്‍.ജി.ഒ അറിയിച്ചു. രണ്ടര വർഷത്തിലേറെ നിയമ പോരാട്ടം നടത്തി വിവാഹമോചനം നേടിയ 18 പുരുഷന്മാരുടെ സന്തോഷം ആഘോഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സ്വകാര്യ പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Adjust Story Font
16