Quantcast

നീറ്റ് പരീക്ഷാ ഫലങ്ങളിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകി എം.എസ്.എഫ്

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് എൻ.ടി.എ ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് എം.എസ്.എഫ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    7 Jun 2024 10:06 AM GMT

നീറ്റ് പരീക്ഷാ ഫലങ്ങളിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകി എം.എസ്.എഫ്
X

കോഴിക്കോട് : നീറ്റ് പരീക്ഷാ ഫലങ്ങളിലെ ക്രമക്കേട് നടന്നുവെന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ വിദഗ്ധരും ഉന്നയിച്ച പരാതിയിൽ എൻ.ടി.എ നൽകിയ വിശദീകരണം തൃപ്തികരമല്ല. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം. എസ്. എഫ് രാഷ്ട്രപതിക്ക് കത്ത് നൽകി. നീറ്റ് പരീക്ഷയുടെ നിലവാരത്തെയും സുതാര്യതയെയും ചോദ്യം ചെയ്യുന്ന തരത്തിലാണ് ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് എൻ.ടി.എ ഇതുവരെ തൃപ്തികരമായ മറുപടി നൽകിട്ടില്ല.

180 ചോദ്യങ്ങളടങ്ങുന്ന നീറ്റ് പരീക്ഷയിൽ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരമെഴുതുന്ന പരീക്ഷാർത്ഥിക്ക്, ഒരു ചോദ്യത്തിന് 4 മാർക്ക് എന്ന രീതിയിൽ ലഭിക്കാവുന്ന പരമാവധി മാർക്ക് 720 മാർക്കാണ്. ഒരു ചോദ്യം പരീക്ഷാർത്ഥി ഒഴിവാക്കിയാൽ നാലു മാർക്ക് കുറഞ്ഞ് 716 എന്നതാകും. ഒരു ചോദ്യത്തിന് തെറ്റ് ഉത്തരമാണ് എഴുതുന്നതെങ്കിൽ, നെഗറ്റീവ് മാർക്കു കൂടി കുറച്ച് 715 മാർക്കാണ് ലഭിക്കുക. എന്നാൽ ഈ വർഷത്തെ നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ 719, 718 അടക്കമുള്ള വിചിത്രമായ മാർക്കുകൾ കാണാം. ഇതാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും സംശയത്തിലാക്കുന്നത്.

ഗ്രേസ് മാർക്ക് നൽകിയതാണെന്നാണ് എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശദീകരണം അംഗീകരിക്കാൻ കഴിയില്ല. ഇങ്ങനെ ഒരു ഗ്രേസ് മാർക്ക് ഇതുവരെ നീറ്റ് എക്സാമിനേഷന് നൽകിട്ടില്ല. ഇത് വലിയ വീഴ്ചയാണ്. വിദ്യാർത്ഥികളുടെ മനോവീര്യവും നീറ്റ് പരീക്ഷയുടെ സുതാര്യതയും നഷിപ്പിക്കുന്ന വിധത്തിലാണ് പരീക്ഷാ ഫലത്തെ ഏജൻസി കൈകാര്യം ചെയ്തിട്ടുള്ളത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

ഏറെ പ്രതീക്ഷയോടെയും വലിയ തയ്യറെടുപ്പുകൾ നടത്തിയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷയാണ് നീറ്റ് പരീക്ഷ. അതിൻ്റെ സുതാര്യത സംശയിക്കുന്ന വിധത്തിലുള്ള ഇടപെടൽ ശരിയല്ല. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്ന് എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു.

TAGS :

Next Story