Quantcast

'ബലാത്സംഗക്കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്‌കാരം?'; ബിൽക്കീസ് ബാനു കേസിൽ കേന്ദ്രത്തിനെതിരെ ശിവസേന

പാർട്ടി മുഖപത്രമായ സാമ്‌നയിലെ റോഖ്‌തോക്ക് കോളത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    28 Aug 2022 10:38 AM GMT

ബലാത്സംഗക്കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്‌കാരം?; ബിൽക്കീസ് ബാനു കേസിൽ കേന്ദ്രത്തിനെതിരെ ശിവസേന
X

മുംബൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിലെ റോഖ്‌തോക്ക് കോളത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്.

ബലാത്സംഗക്കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്‌കാരമെന്ന് ലേഖനം ചോദിക്കുന്നു. ബിൽക്കീസ് ബാനു മുസ്‌ലിം ആയതുകൊണ്ട് അവർക്കെതിരെ നടന്ന കുറ്റകൃത്യം പൊറുക്കാനാകുന്നതല്ല. പ്രധാനമന്ത്രി പ്രസംഗിക്കുന്നതൊന്നും നടപ്പാക്കുന്നത് മറ്റൊന്നുമാണെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ നേരത്തെ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ബിൽക്കീസ് ബാനു കേസിൽ പ്രധാനമന്ത്രിയുടെ സമീപനമെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തന്നെയാണ് ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടതെന്ന കാര്യം യഥാർത്ഥത്തിൽ ആശ്ചചര്യപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തിൽ മൗനം പാലിക്കുന്നത്? ഇത് ഹിന്ദു-മുസ്‌ലിം പ്രശ്‌നം മാത്രമല്ലെന്നും ഹിന്ദുത്വത്തിന്റെ ആത്മാവിന്റെയും നമ്മുടെ സംസ്‌കാരത്തിന്റെയും അന്തസിന്റെയും പ്രശ്‌നമാണെന്നും ലേഖനം പറയുന്നു. പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുമ്പോൾ ബിൽക്കീസ് ബാനുവിനെ കാണണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെയും കലാപകാരികൾ കൊലപ്പെടുത്തി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും സ്വാതന്ത്ര്യദിനത്തിൽ വിട്ടയക്കുകയായിരുന്നു. പുറത്തിറങ്ങിയ പ്രതികളെ ബിജെപി പ്രവർത്തകർ പൂക്കൾ വിതറിയും മാല അണിയിച്ചും സ്വീകരിച്ചത് വിവാദമായിരുന്നു.

TAGS :

Next Story