രാജസ്ഥാനിൽ പൊലീസിന്റെ ചവിട്ടേറ്റ് നവജാത ശിശു കൊല്ലപ്പെട്ട സംഭവം: കുടുംബത്തെ സന്ദർശിച്ച് ജമാഅത്തെ ഇസ്‌ലാമി ദേശീയ നേതാക്കള്‍
നീതിക്കായുള്ള കുടുംബത്തിന്റെ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പ്രതിനിധി സംഘം ഉറപ്പ് നൽകി

അൽവാർ: പൊലീസിന്റെ ബൂട്ടിന്റെ ചവിട്ടേറ്റ് രാജസ്ഥാനിലെ അൽവാറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്(ജെഐഎച്ച്) നേതാക്കള്‍ സന്ദർശിച്ചു.
വൈസ് പ്രസിഡന്റ് പ്രൊഫ. സലീം എഞ്ചിനീയറും ദേശീയ സെക്രട്ടറി മൗലാന ഷാഫി മദനിയുടെ നേതൃത്വത്തിലുള്ള ജെഐഎച്ച് സംഘമാണ് പൊലീസ് റെയ്ഡിൽ ദാരുണമായി കൊല്ലപ്പെട്ട നവജാതശിശുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്.
മുൻ രാജസ്ഥാൻ മന്ത്രി നസ്റുദ്ദീൻ ഉൾപ്പെടെയുള്ള ഗ്രാമത്തിലെ മുതിർന്നവരുമായും പ്രാദേശിക നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തി. നീതിക്കായുള്ള കുടുംബത്തിന്റെ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പ്രതിനിധി സംഘം ഉറപ്പ് നൽകി. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജെഐഎച്ച് സംഘം പ്രതിഷേധ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ച് നില്‍ക്കാന്‍ സലീം എഞ്ചിനീയര്‍ ആവശ്യപ്പെട്ടു. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമങ്ങളുണ്ടാകുമെന്നും അത്തരം നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അഭിഭാഷകനായ ലിയാഖത്ത്, മൗലാന താഹിർ, ഒബൈദുർ റഹ്മാൻ (അസിസ്റ്റന്റ് നസീം, ഹരിയാനയിലെ മേവാത്ത് ജില്ല) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സൈബർ കുറ്റകൃത്യം ചെയ്‌തെന്ന് ആരോപിച്ചാണ് അൽവാറിലെ ഇമ്രാന്റെ വീട്ടിലേക്ക് പുലർച്ചെ പൊലീസുകാർ ഇരച്ചെത്തിയത്. വീടിന്റെ ചുമരിന്റെ ഭാഗങ്ങളും വാതിലും തല്ലിതകർത്ത് അകത്തു കയറിയ പൊലീസ്, ഇമ്രാനെയും ഭാര്യയെയും വലിച്ചിറക്കുകയും കട്ടിലിൽ പുതപ്പിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മുകളിലേക്ക് ചാടി കയറുകയുമായിരുന്നു. സംഭവ സമയത്ത് തന്നെ കുഞ്ഞ് മരണപ്പെട്ടു.
Adjust Story Font
16