Quantcast

ഗുരുഗ്രാം സംഘർഷം: വെള്ളിയാഴ്ച വീട്ടിൽ വെച്ച് നമസ്‌കരിക്കണമെന്ന് ജംഇയ്യത്തുൽ ഉലമ

നേരത്തെ ജുമുഅ നമസ്‌ക്കാരങ്ങൾ നടക്കുന്നതിനിടെ ഹിന്ദുത്വ പ്രതിഷേധം നടക്കുന്ന സ്ഥലമാണ് ഗുരുഗ്രാം

MediaOne Logo

Web Desk

  • Published:

    3 Aug 2023 4:13 PM GMT

ഗുരുഗ്രാം സംഘർഷം: വെള്ളിയാഴ്ച വീട്ടിൽ വെച്ച് നമസ്‌കരിക്കണമെന്ന് ജംഇയ്യത്തുൽ ഉലമ
X

ഗുരുഗ്രാം, നൂഹ്, സോഹ്‌ന എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വീട്ടിൽ വെച്ച് നമസ്‌കരിക്കണമെന്ന് ഗുരുഗ്രാം ജംഇയ്യത്തുൽ ഉലമ. ജുമുഅ നമസ്‌ക്കാരം പള്ളിയിൽ വെച്ചോ പൊതു സ്ഥലങ്ങളിൽ വെച്ചോ നിർവഹിക്കരുതെന്നും സംഘടനയുടെ പ്രസിഡൻറ് മുഫ്തി സലീം ഖാസിമി നിർദേശിച്ചു. സാമുദായിക സാഹോദര്യം സംരക്ഷിക്കുന്നത് ജനങ്ങളുടെ ബാധ്യതയാണെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്ത് ചെയ്തത് പോലെ പള്ളികളിലുള്ളവർ അവിടെ നമസ്‌കരിക്കണമെന്നും പുറത്തുനിന്നുള്ളവർ വരരുതെന്നും ഖാസിമി പറഞ്ഞു. നേരത്തെ ജുമുഅ നമസ്‌ക്കാരങ്ങൾ നടക്കുന്നതിനിടെ ഹിന്ദുത്വ പ്രതിഷേധം നടക്കുന്ന സ്ഥലമാണ് ഗുരുഗ്രാം. ഇവിടെയുള്ള ഏക പള്ളിയാണ് ഹിന്ദുത്വർ നശിപ്പിച്ച സെക്ടർ 57ലെ അഞ്ചുമൻ മസ്ജിദ്. ഈ പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, പൊതു സ്ഥലത്തെ ജുമുഅ നമസ്‌ക്കാരം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ഡെപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ഡിസി പ്രശാന്ത് പൻവാറും എസ്പി വരുൺ സിംഗ്ലയും മുസ്‌ലിം മതപണ്ഡിതരെ കണ്ട് വീടുകളിൽ വെച്ച് നമസ്‌ക്കാരം നിർവഹിക്കാൻ അഭ്യർത്ഥിച്ചിരുന്നു.

തിങ്കളാഴ്ച നടന്ന വിഎച്ച്പി റാലിക്കിടെയാണ് പുതിയ സംഘർഷം തുടങ്ങിയത്. തുടർന്നുണ്ടായ സംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി കാറുകളും ഭക്ഷണ സംരംഭങ്ങളും നശിപ്പിക്കപ്പെട്ടു.

ഗുരുഗ്രാമിലെ ജുമുഅ വിരോധം

ഹരിയാനയിലെ ഗുരുഗ്രാമിലെ വിവിധയിടങ്ങളിൽ നേരത്തെ ഹിന്ദുത്വർ ജുമുഅ തടസ്സപ്പെടുത്താറുണ്ട്. സർക്കാർ അനുവദിച്ച സ്ഥലങ്ങളിൽ നടക്കുന്ന പ്രാർത്ഥന തടയാൻ വിവിധ ഹിന്ദുത്വ സംഘങ്ങൾ എത്തുകയായിരുന്നു പതിവ്. നമസ്‌ക്കാരം നടക്കുന്ന ഇടങ്ങളിൽ പ്രതിഷേധക്കാർ തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുമായിരുന്നു.

പൊതുസ്ഥലങ്ങളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ തടഞ്ഞ ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് സിഖ് മതവിശ്വാസികൾ ഗുരുദ്വാരകൾ തുറന്നുനൽകുക വരെ ചെയ്തിരുന്നു. ഗുരുഗ്രാമിലെ അഞ്ചു ഗുരുദ്വാരകളാണ് മുസ്‌ലിംകളുടെ ജുമുഅ നമസ്‌ക്കാരത്തിനായി തങ്ങളുടെ പ്രാർത്ഥനാലയങ്ങൾ നൽകാൻ സന്നദ്ധരായിരുന്നത്. എന്നാൽ ഹിന്ദുത്വരുടെ ഇടപെടലിനെ തുടർന്ന് അവിടെയും നമസ്‌ക്കാരം നടന്നിരുന്നില്ല.

ഭൂമി കയ്യേറാനാണ് പൊതുസ്ഥലത്തെ നമസ്‌ക്കാരമെന്ന് ആരോപിച്ച് 2021 സെപ്തംബറിൽ ഹിന്ദുത്വ വാദികൾ തുടങ്ങിയ ജുമുഅ തടയൽ കാമ്പയിനെ തുടർന്നാണ് സിഖ് സമൂഹം ഗുരുദ്വാരകളിൽ നമസ്‌ക്കരത്തിന് ഇടം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇത് ഏറെ പ്രശംസിക്കപ്പെടുകയും വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

2021 സെപ്തംബറിൽ ഗുരുഗ്രാം ഭരണകൂടം 34 സ്ഥലങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുത്താതെ നമസ്‌ക്കരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സെപ്തംബർ 17 ന് ഭാരത് മാതാ വാഹിനി സ്ഥാപകൻ ദിനേശ് ഭാരതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ കാമ്പയിൻ തുടങ്ങുകയായിരുന്നു. ഗുരുഗ്രാമിലെ സെക്ടർ 47 ലായിരുന്നു ഇവരുടെ പ്രതിഷേധം തുടങ്ങിയത്. പിന്നീട് സെക്ടർ 12 ലേക്കും മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് നമസ്‌ക്കാര സ്ഥലങ്ങളുടെ എണ്ണം ദീപാവലിക്ക് ശേഷം 27 ആയി ചുരുങ്ങി. ഒക്ടോബർ 26 ഓടെ എല്ലാ സ്ഥലത്തും നമസ്‌ക്കാരം നിർത്തിവെക്കാൻ അവർ സമ്മർദ്ദം ചൊലുത്തി. ശേഷം ജുമുഅ നടത്താറുള്ള സെക്ടർ 12 ലെ സ്ഥലത്ത് അവർ ഗോവർദ്ധൻ പൂജ നടത്തി. പിന്നീട് അവിടെ വോളിബാൾ കോർട്ട് പണിയുമെന്ന് പറഞ്ഞ അവർ സ്ഥലത്ത് ചാണകം ഉപേക്ഷിച്ച് പോവുകയും ചെയ്തു.

Gurugram violence: Jamiat-ul-Ulama asked Muslims to offer prayers at home on Friday

TAGS :

Next Story