Quantcast

നാല് സഹപ്രവർത്തകരെ വെടിവച്ചുകൊന്നു; പഞ്ചാബിൽ ജവാന് ജീവപര്യന്തം

ഓഫീസർമാരുടെ മെസ്സിനു സമീപം മുറിയിൽ ഉറങ്ങവെയാണ് നാല് സഹപ്രവർത്തകരെ ദേശായി വെടിവച്ചു കൊന്നത്.

MediaOne Logo

Web Desk

  • Published:

    4 Aug 2024 6:34 AM GMT

Jawan who killed 4 personnel given life sentence
X

ചണ്ഡീ​ഗഢ്: അതീവ സുരക്ഷയുള്ള ബതിൻഡ മിലിട്ടറി സ്റ്റേഷനിൽ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ജവാന് ജീവപര്യന്തം തടവുശിക്ഷ. ദേശായി മോഹൻ എന്ന സൈനികനാണ് ജനറൽ കോർട്ട് മാർഷൽ ജീവപര്യന്തം തടവുശിക്ഷയും സർവീസിൽ നിന്ന് പിരിച്ചുവിടാനും വിധിച്ചത്. 2023 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം.

80 മീഡിയം ആർട്ടിലറി റെജിമെൻ്റിലെ സാ​ഗർ ബാനെ, കംലേഷ് ആർ, സന്തോഷ് ന​ഗരാൽ, യോ​ഗേഷ്കുമാർ എന്നിവരെയാണ് ദേശായി മോഹൻ വെടിവച്ച് കൊന്നത്. സംഭവത്തിൽ ദേശായ്ക്കെതിരെ ആർമി ആക്ട് 69, 52 (എ), ഐ.പി.സി 302 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഓഫീസർമാരുടെ മെസ്സിനു സമീപം മുറിയിൽ ഉറങ്ങവെയാണ് നാല് സഹപ്രവർത്തകരെ ദേശായി വെടിവച്ചു കൊന്നത്. സംഭവസ്ഥലത്ത് നിന്ന് 19 ബുള്ളറ്റ് ഷെല്ലുകൾ ബതിൻഡ ജില്ലാ പൊലീസ് കണ്ടെത്തിയിരുന്നു. ഏപ്രിൽ 12ന് കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം, കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം വെളുത്ത കുർത്തയും പൈജാമയും മുഖംമൂടിയും ധരിച്ച രണ്ട് പേരെ താൻ കണ്ടതായി മോഹൻ എന്ന ദൃക്സാക്ഷി പറയുന്നു.

80 മീഡിയം റെജിമെൻ്റിലെ മേജർ അശുതോഷ് ശുക്ലയുടെ പരാതിയിൽ, അക്രമികളിലൊരാളുടെ കൈയിൽ ഇൻസാസ് (ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം) റൈഫിളും രണ്ടാമന്റെ കൈയിൽ കോടാലിയുമുണ്ടായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഏപ്രിൽ ഒമ്പതിന് ഒരു സൈനിക യൂണിറ്റിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിളും ഒരു മാഗസിനും കാണാതായിരുന്നതായി എഫ്ഐആറിൽ പറയുന്നു. പിന്നീട്, കൊലപാതകം നടന്ന ദിവസം ബതിന്‌ഡ പൊലീസ് ഇത് കണ്ടെത്തുകയായിരുന്നു.

ആർമി ആക്ട് സെക്ഷൻ 125 പ്രകാരം സിവിൽ കോടതിയിൽ നിന്ന് ആർമി കേസ് ഏറ്റെടുക്കുകയും പ്രതികളുടെ വിചാരണ കോർട്ട് മാർഷൽ പ്രകാരം നടത്തുകയുമായിരുന്നു. അതേസമയം, സിവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൊല്ലപ്പെട്ടവർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രതി ആരോപിച്ചിരുന്നു. നാല് പേരും തൻ്റെ പ്രതിശ്രുത വധുവിനോട് മൊബൈലിൽ സംസാരിക്കുകയും അവളുടെ ഫോട്ടോകൾ എടുക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നെന്നും ദേശായി പറഞ്ഞിരുന്നു.

TAGS :

Next Story