Quantcast

എനിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിം,യാദവ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ല: ജെഡിയു നേതാവ് ദേവേഷ് ചന്ദ്ര താക്കൂര്‍,വിവാദം

എം.പിയുടെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-06-18 07:56:03.0

Published:

18 Jun 2024 7:50 AM GMT

Devesh Chandra Thakur
X

പറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാത്ത മുസ്‍ലിം,യാദവ സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ജെഡിയു എം.പി. ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്നുള്ള എം.പിയായ ദേവേഷ് ചന്ദ്ര താക്കൂറിന്‍റെതാണ് പരാമര്‍ശം. ആര്‍ജെഡി സ്ഥാനാര്‍ഥി അര്‍ജുന്‍ റായിക്കെതിരെ 51,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താക്കൂര്‍ വിജയിച്ചത്. എം.പിയുടെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഞായറാഴ്ച സീതാമർഹി സന്ദർശനത്തിനിടെ നടന്ന സ്വീകരണ പരിപാടിയിലായിരുന്നു താക്കൂറിന്‍റെ വിവാദ പരാമര്‍ശം. ''എനിക്കുവേണ്ടി അമ്പടയാളം അമർത്തിയിരുന്നെങ്കിൽ നരേന്ദ്ര മോദിയുടെ മുഖം നിങ്ങൾ കാണുമായിരുന്നു. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ മുഖത്ത് എന്തുകൊണ്ട് ലാലു പ്രസാദ് യാദവിന്‍റെ മുഖവും റാന്തല്‍ ചിഹ്നവും എനിക്ക് കണ്ടുകൂടാ?'' താക്കൂര്‍ ചോദിച്ചു. മുസ്‌ലിംകൾക്കും യാദവർക്കും വേണ്ടി താൻ വ്യക്തിപരമായി വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ അവർ തനിക്ക് വോട്ട് ചെയ്യാത്തതിനാൽ ഇനി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോളിംഗ് ബൂത്തിലെ കണക്കുകൾ പരിശോധിച്ചപ്പോള്‍ അതിൽ ഒരു ശതമാനം മാത്രമാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കണ്ടെത്തിയെന്നും താക്കൂര്‍ കൂട്ടിച്ചേർത്തു.

“70 വർഷത്തെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിങ്ങനെ പറയുന്നത്. വളരെയധികം വേദനയുണ്ട്. എല്ലാവരെയും എൻ്റെ സ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നു. എൻ്റെ സുഹൃത്തുക്കളല്ലാത്തതോ ആദ്യമായി എൻ്റെ അടുക്കൽ വരുന്നതോ ആയ മുസ്‍ലിംകള്‍ക്കും യാദവർക്കും സ്വാഗതം.വരൂ, ചായയും പലഹാരവും കഴിക്കൂ. പക്ഷേ എന്തെങ്കിലും ആവശ്യത്തെക്കുറിച്ച് പറയരുത്. കാരണം ഞാനവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല'' താക്കൂര്‍ പറഞ്ഞു. മുസ്‍ലിം സമുദായത്തില്‍ നിന്നും ഒരാള്‍ തന്നെ കാണാന്‍ വന്നതിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. ബി.ജെ.പിയുമായി എന്‍റെ പാര്‍ട്ടി സഖ്യമുണ്ടാക്കി എന്ന ഒറ്റക്കാരണത്താല്‍ എനിക്ക് വോട്ട് ചെയ്യാതിരുന്ന നിങ്ങള്‍ക്ക് വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുകയെന്ന് ഞാന്‍ ആ മുസ്‍ലിം സഹോദരനോട് ചോദിച്ചു. എന്‍റെ ചോദ്യം കേട്ട് സന്ദര്‍ശകര്‍ അതിനോട് യോജിക്കുകയാണ് ചെയ്തത്. അത്തരത്തില്‍ വോട്ട് ചെയ്തതില്‍ അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടെന്നും ദേവേഷ് ചന്ദ്ര താക്കൂര്‍ പറഞ്ഞു. താന്‍ ചായയും പലഹാരങ്ങളും കൊടുത്ത് അദ്ദേഹത്തെ മടക്കിഅയച്ചെന്നും പക്ഷെ അയാള്‍ക്കു വേണ്ടി ജോലി ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞതായും താക്കൂര്‍ വ്യക്തമാക്കി.

ജെഡിയു എൻഡിഎയുടെ ഭാഗമായതിനാലും ബി.ജെ.പിയുമായി ബന്ധപ്പെട്ടതിനാലുമാണ് മുസ്‍ലിംകളും യാദവരും തനിക്ക് വോട്ട് ചെയ്യാത്തതെന്നും എം.പി തറപ്പിച്ചു പറഞ്ഞു.“ഇത്തരം കാര്യങ്ങൾ എന്നെ വേദനിപ്പിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയോ കോവിഡ് വാക്‌സിനേഷനോ കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കിടയിൽ വേർതിരിവ് കാണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏഴ് കുശ്വാഹ സ്ഥാനാർഥികൾക്ക് ഇന്‍ഡ്യാ മുന്നണി ടിക്കറ്റ് നൽകിയതിനാലാണ് കുശ്വാഹകൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗം വിവാദമായതോടെ ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ താക്കൂറിനെതിരെ രംഗത്തെത്തി.താക്കൂറിനെ രൂക്ഷമായി വിമർശിച്ച ആർജെഡി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ''മുസ്‍ലിംകള്‍ക്കും യാദവര്‍ക്കും വേണ്ടി താന്‍ വ്യക്തിപരമായി പ്രവര്‍ത്തിക്കില്ലെന്നും പൊതുപ്രവര്‍ത്തനം തുടരുമെന്നും'' പിന്നീട് അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ച താക്കൂർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിൻ്റെ അടുത്തയാളാണ്.

TAGS :

Next Story