അംബേദ്കർ വിരുദ്ധ പരാമർശം: ജെഡിയുവും ടിഡിപിയും മോദി സർക്കാറിന് നൽകുന്ന പിന്തുണ പുനഃപരിശോധിക്കണം: മഹാരാഷ്ട്ര കോൺഗ്രസ്
''അമിത് ഷായുടെ ഭാഗത്ത് നിന്നുണ്ടായത് ഏറ്റവും വലിയ അബദ്ധമാണെന്നും അത് ബൂമറാങ്ങാകുമെന്നും ബിജെപിക്ക് തന്നെ അറിയാം''
മുംബൈ: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിന്റെ പശ്ചാതലത്തിൽ മോദി സർക്കാറിനുള്ള പിന്തുണ ജെഡിയും ടിഡിപിയും പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയതെന്നും കോൺഗ്രസ് വക്താവ് ഗോപാൽ തിവാരി പറഞ്ഞു.
'' നമ്മുടെ ഭരണഘടനാ ശില്പിക്കെതിരെ പാർലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരു നിലക്കും സ്വീകാര്യമല്ല. അംബേദ്കര്‍ക്കെതിരെ അപമാനകരമായ പരാമർശങ്ങളാണ് ഷാ നടത്തിയത്. മാത്രമല്ല നാണംകെട്ട ബിജെപി, അദ്ദേഹത്തെ പ്രതിരോധിക്കാനും കോൺഗ്രസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനും ശ്രമിച്ചു. അമിത് ഷായുടെ ഭാഗത്ത് നിന്നുണ്ടായത് ഏറ്റവും വലിയ അബദ്ധമാണെന്നും അത് ബൂമറാങ്ങാകുമെന്നും ബിജെപിക്ക് തന്നെ അറിയാം''- ഗോപാൽ തിവാരി പറഞ്ഞു. അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പരാമർശങ്ങൾക്കിടയിലും നിതീഷ് കുമാറും നായിഡുവും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് തിവാരി പറഞ്ഞു. അതേസമയം പൂനെയില്‍, മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എഎപിയും പ്രതിഷേധവുമായി രംഗത്ത് എത്തി. ഷാ രാജിവെക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് ആം ആദ്മി പാർട്ടിയുടെ പൂനെ സിറ്റി ചീഫ് മുകുന്ദ് കിർദാത്ത് പറഞ്ഞു.
ഡിസംബർ 17ന് രാജ്യസഭയിൽ രണ്ട് ദിവസത്തെ ഭരണഘടനാ ചർച്ചക്ക് സമാപനം കുറിച്ച് നടത്തിയ മറുപടി പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ ഏഴ് ജന്മത്തിലും സ്വർഗം ലഭിക്കുമായിരുന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്.
Adjust Story Font
16