Quantcast

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാൻ ശിപാർശ?; എല്ലാം ബിജെപിയുടെ പ്രചാരണമെന്ന് സോറൻ

ഹേമന്ത് സോറൻ ഉടൻ രാജിവെക്കേണ്ടിവരുമെന്നും ധാർമികതയുണ്ടെങ്കിൽ സ്വയം രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Aug 2022 9:25 AM GMT

High Court delays plea challenging ID; Hemant Soren in the Supreme Court,JMM,Jharkhand politics,latest news
X

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎൽഎ പദത്തിൽനിന്ന് അയോഗ്യനാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണറോട് ശിപാർശ ചെയ്തതായി റിപ്പോർട്ട്. സോറൻ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. സോറൻ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നൽകിയെന്ന ആരോപണത്തിലാണ് നടപടി.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹേമന്ത് സോറൻ പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രസ്താവനയും അവരെ പിന്തുണക്കുന്ന ചില മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളുമാണ് ഇതുമായി ബന്ധപ്പെട്ട് താൻ കണ്ടതെന്നും എല്ലാം ബിജെപിയുടെ നീക്കങ്ങളാണെന്നും സോറൻ പറഞ്ഞു. സീൽഡ് കവറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. ഇതിലെ വിവരങ്ങൾ എങ്ങനെയാണ് ബിജെപി നേതാക്കൾ അറഞ്ഞതെന്നും സോറൻ ചോദിച്ചു.

ഹേമന്ത് സോറൻ ഉടൻ രാജിവെക്കേണ്ടിവരുമെന്നും ധാർമികതയുണ്ടെങ്കിൽ സ്വയം രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ്-ജെഎംഎം സഖ്യമാണ് ജാർഖണ്ഡ് ഭരിക്കുന്നത്. ഏത് ഘട്ടത്തിലും സംസ്ഥാനം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മുന്നണിക്കുണ്ടെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം പറഞ്ഞു. താൻ മുഖ്യമന്ത്രിയെ കണ്ടു, തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗവർണറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അതുവരെ നമുക്ക് നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാമെന്ന് അദ്ദേഹം അറിയിച്ചെന്നും ആലംഗീർ പറഞ്ഞു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസ് ഈ വർഷം ഫെബ്രുവരിയിലാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്. 2021ൽ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറൻ ഖനന പാട്ടം തനിക്ക് അനുകൂലമാക്കി. ഇത് അഴിമതിയും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സോറനോട് വിശദീകരണം തേടിയിരുന്നു.

TAGS :

Next Story