ജെ.എൻ.യുവിൽ ജാതി സെൻസസ്; നിരാഹാര സമരത്തിനൊടുവിൽ വിദ്യാർഥി ആവശ്യങ്ങൾ അംഗീകരിച്ച് സർവകലാശാല
ജെ.എൻ.യു എൻട്രൻസ് എക്‌സാം(ജെ.എൻ.യു.ഇ.ഇ) പുനഃസ്ഥാപിക്കുമെന്നും സർവകലാശാല അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്
ന്യൂഡൽഹി: വിദ്യാർഥി യൂനിയൻ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കി ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെ.എൻ.യു) അധികൃതർ. രണ്ടാഴ്ച പിന്നിടുന്ന നിരാഹാരസമരത്തിൽ വിദ്യാർഥികൾ ഉയർത്തിയ പ്രധാന ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചു. കാംപസിൽ ജാതി സെൻസസ്, ജെ.എൻ.യു പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കൽ, അക്കാദമിക് കൗൺസിൽ യോഗങ്ങളിൽ ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂനിയൻ പ്രതിനിധികളെ പങ്കെടുപ്പിക്കൽ തുടങ്ങിയവയാണ് അധികൃതർ അംഗീകരിച്ച പ്രധാന ആവശ്യങ്ങൾ.
റെക്ടർ ബ്രിജേഷ് കുമാർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള ജെ.എൻ.യു അധികൃതരും വിദ്യാർഥി പ്രതിനിധികളും തമ്മിൽ നടന്ന അനുരഞ്ജന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതോടെ കഴിഞ്ഞ 15 ദിവസമായി കാംപസിൽ നടക്കുന്ന വിദ്യാർഥി നിരാഹാര സമരം അവസാനിപ്പിച്ചേക്കും. പ്രവേശന പരീക്ഷയ്ക്കായി മുൻപുണ്ടായിരുന്ന ജെ.എൻ.യു എൻട്രൻസ് എക്‌സാം(ജെ.എൻ.യു.ഇ.ഇ) പുനഃസ്ഥാപിക്കുമെന്ന് സർവകലാശാല വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷയിൽ വൈവയ്ക്കു നൽകുന്ന അമിത വെയിറ്റേജ് കുറയ്ക്കും. ഇതിനു പുറമെയാണ് വിദ്യാർഥികളുടെ ജാതി സെൻസസ് നടത്തുമെന്നും സ്‌കോളർഷിപ്പ് തുക 2,000ത്തിൽനിന്ന് 5,000 ആയി വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, യോഗശേഷവും വിദ്യാർഥി യൂനിയൻ പ്രസിഡന്റ് ധനഞ്ജയ്, കൗൺസിലർ നിതീഷ് എന്നിവർ നിരാഹാരം തുടരുകയാണ്. ആവശ്യങ്ങൾ നടപ്പാക്കുമെന്നു സർവകലാശാല രേഖാമൂലം ഉറപ്പുനൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. രണ്ടുപേരുടെയും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ധനഞ്ജയ്‌യുടെ ശരീരഭാരം അഞ്ചു കിലോയും നിതീഷിന്റേത് ഏഴു കിലോയും കുറഞ്ഞെന്നാണ് യൂനിയൻ ഭാരവാഹികൾ അറിയിച്ചത്. ഇതിനുപുറമെ ധനഞ്ജയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും മൂത്രത്തിൽ അണുബാധയുള്ളതായും റിപ്പോർട്ടുണ്ട്.
വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് റെക്ടർ ബ്രിജേഷ് പാണ്ഡെ വ്യക്തമാക്കിയത്. എന്നാൽ, ഞങ്ങളുടെ അധികാരത്തിനു പുറത്തുള്ള കാര്യങ്ങളിൽ ഉറപ്പുനൽകാനാകില്ല. നിലവിൽ സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സിക്ക് കത്തയയ്ക്കും. എന്നാൽ മാത്രമേ സ്‌കോർഷർഷിപ്പ് തുക കൂട്ടാനാകൂ. വിദ്യാർഥികളുടെ ജാതിവിവരങ്ങളെല്ലാം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതുകൊണ്ട് ജാതി സെൻസസ് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും റെക്ടർ പറഞ്ഞു.
വൈവാ മാർക്ക് വെയിറ്റേജ് വിഷയം ജെ.എൻ.യു വിദ്യാർഥി യൂനിയൻ കാലങ്ങളായി ഉന്നയിക്കുന്നതാണ്. ഇക്കാര്യം പഠിക്കാനായി പലപ്പോഴായി മൂന്ന് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടവിൽ പഠനം നടത്തിയ നാഫി കമ്മിറ്റി വൈവ വെയിറ്റേജ് 10-15 ശതമാനത്തിലേക്കു കുറയ്ക്കണമെന്നു ശിപാർശ നൽകിയിരുന്നു. അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിക്കുമെന്നാണ് റെക്ടർ വിദ്യാർഥികളെ അറിയിച്ചത്. കാംപസിൽ നടന്ന ലൈംഗികാതിക്രമ സംഭവത്തിലും കുടിവെള്ള പ്രശ്‌നത്തിലും സമരം നടത്തിയ വിദ്യാർഥികൾക്കെതിരായ അന്വേഷണം റദ്ദാക്കുമെന്നും വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
Summary: JNU agrees to students’ demands to hold caste census, revert to JNU Entrance Exam (JNUEE)
Adjust Story Font
16