Quantcast

പ്രാണപ്രതിഷ്ഠ: അയോധ്യ കേസിൽ വിധി പറഞ്ഞ ജഡ്ജ് പങ്കെടുക്കും

2019 നവംബറിലാണ് ഇവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    21 Jan 2024 6:53 AM GMT

babari case
X

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ജസ്റ്റിസ് അശോക് ഭൂഷൺ പങ്കെടുക്കും. അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ഭൂഷൺ. ഇദ്ദേഹത്തിന് പുറമേ ക്ഷണം കിട്ടിയ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഢ് (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ വിവിധ കാരണങ്ങളാൽ പങ്കെടുത്തേക്കില്ല. പതിറ്റാണ്ടുകൾ നീണ്ട കേസിൽ 2019 നവംബറിലാണ് ഇവർ ഉൾപ്പെട്ട അഞ്ചംഗ ബഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചിരുന്നത്.

2020ൽ അസാധാരണ രീതിയിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ജസ്റ്റിസ് ഗൊഗോയ് അമ്മയുടെ പേരിൽ സ്ഥാപിച്ച എൻജിഒയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തിരക്കിലാണ്. സുപ്രിം കോടതി പ്രവൃത്തി ദിവസമായതിനാൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് മതചടങ്ങിനെത്തില്ല. നാഗ്പൂരിൽ വിശ്രമ ജീവിതത്തിലാണ് ജസ്റ്റിസ് ബോബ്‌ഡെ. നിലവിൽ ആന്ധ്രപ്രദേശ് ഗവർണറായ ജസ്റ്റിസ് അബ്ദുൽ നസീർ മുൻനിശ്ചയിച്ച പടിപാടികൾ ഉള്ളതു കൊണ്ട് ചടങ്ങിനെത്തില്ലെന്ന് സംഘാടകരെ അറിയിച്ചതായാണ് വിവരം. ബഞ്ചിലെ ഏക മുസ്‌ലിം അംഗമായിരുന്നു നസീർ. പങ്കെടുക്കുമെന്ന് അറിയിച്ച ജസ്റ്റിസ് ഭൂഷണെ കേന്ദ്രസർക്കാർ 2021 നവംബർ എട്ടിന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ചെയർമാനായി നിയമിച്ചിരുന്നു.

929 പേജ് വരുന്ന വിധി പ്രസ്താവത്തിലാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദു കക്ഷികൾക്ക് വിട്ടുകൊടുക്കാൻ സുപ്രിംകോടതി തീർപ്പു കൽപ്പിച്ചിരുന്നത്. ഏകകണ്ഠമായി ആയിരുന്നു പരമോന്നത കോടതി വിധി. തകർക്കപ്പെട്ട ബാബരി മസ്ജിദിന് താഴെ മറ്റൊരു നിർമിതി ഉണ്ടായിരുന്നു എന്നും എന്നാൽ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതത് എന്നു കണ്ടെത്താനായില്ല എന്നും വിധിയിൽ ഉണ്ടായിരുന്നു.

1992 ഡിസംബർ ആറിനാണ് അക്രമാസക്തരായ കർസേവകർ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തത്. മസ്ജിദ് തകർത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കലാപങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഗതി നിർണയിച്ച സംഭവം കൂടിയാണ് ബാബരി മസ്ജിദിന്റെ തകർച്ച.

TAGS :

Next Story