രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ടി.ആര്‍.എസ്
യശ്വന്ത് സിന്‍ഹ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി പിന്തുണ പ്രഖ്യാപിച്ചത്
ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്). നേരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നപ്പോള്‍ ടി.ആര്‍.എസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.
യശ്വന്ത് സിന്‍ഹ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി പിന്തുണ പ്രഖ്യാപിച്ചത്. മന്ത്രി കെ.ടി രാമറാവുവാണ് കെ.സി.ആറിന്‍റെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. പാർലമെന്‍റ് അംഗങ്ങൾക്കൊപ്പം താനും ടി.ആർ.എസിനെ പ്രതിനിധീകരിച്ച് യശ്വന്ത് സിന്‍ഹയോടൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തുമെന്ന് കെ.ടി രാമറാവു വ്യക്തമാക്കി.
പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടി.ആര്‍.എസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് കാരണമാണ് ടി.ആര്‍.എസ് സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ടി.ആര്‍.എസിനെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ആരെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. എൻസിപി നേതാവ് ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവർ രാഷ്ട്രപതി സ്ഥാനാർഥിയാവാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കിയത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്.
റബ്ബര്‍ സ്റ്റാമ്പിനെയല്ല രാജ്യത്തിന് ആവശ്യമെന്ന് യശ്വന്ത് സിന്‍ഹ
ജൂലൈ 18ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്നും സർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതയെ ചെറുക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും യശ്വന്ത് സിൻഹ. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ, രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ഉപകരണമായി സർക്കാർ ഏജൻസികളെ "ദുരുപയോഗം" ചെയ്യുന്നത് അവസാനിപ്പിക്കും. നീതിയും ന്യായവും നിലനിൽക്കുമെന്ന് ഉറപ്പാക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഒരു റബ്ബര്‍ സ്റ്റാമ്പിനെയല്ല രാഷ്ട്രപതി ഭവനില്‍ ആവശ്യമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ജനങ്ങൾ ഉണർന്ന് മുഴുവൻ സംവിധാനവും പരിഷ്കരിച്ചില്ലെങ്കിൽ തുരങ്കത്തിന്‍റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു-
"നമ്മുടെ ജനാധിപത്യവും നമ്മുടെ ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. അതിനാൽ ഇന്ത്യ ഭീഷണിയിലാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയം ബലഹീനതകളാൽ വലയുകയാണ്. ആളുകൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്നു. ജനാധിപത്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ സംഭവിക്കേണ്ടത്."
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ, ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ കുറിച്ച് മുൻ കേന്ദ്രമന്ത്രി പറഞ്ഞതിങ്ങനെ- 'ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുന്നത് മുഴുവൻ സമൂഹത്തിന്‍റെയും ഉയർച്ച ഉറപ്പാക്കുന്നില്ല. സമൂഹത്തിന്റെ മുഴുവൻ ഉയർച്ചയും സർക്കാർ പിന്തുടരുന്ന നയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു സമൂഹത്തിലെ ഒരു വ്യക്തിയുടെ ഉയർച്ച ആ സമൂഹത്തെ ഒരിഞ്ച് പോലും ഉയർത്താൻ സഹായിച്ചിട്ടില്ലെന്നതിന് നമ്മുടെ ചരിത്രത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്'.
ബി.ജെ.പി എം.പിയായ തന്റെ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതില്‍ തനിക്ക് സങ്കടമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു- "അവൻ രാജ ധർമം പിന്തുടരുന്നു, ഞാൻ എന്‍റെ രാഷ്ട്രധർമം പിന്തുടരും"
Adjust Story Font
16