ശിവരാജ് സിങ് ചൗഹാൻ സർക്കാർ മധ്യപ്രദേശിനെ തകർന്ന സംസ്ഥാനമാക്കി മാറ്റി: കമൽനാഥ്
വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലേക്ക് നോക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും കമൽനാഥ് പറഞ്ഞു.
ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്. ശിവരാജ് സിങ് ചൗഹാൻ സർക്കാർ മധ്യപ്രദേശിനെ എല്ലാ മേഖലയിലും തകർന്ന സംസ്ഥാനമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ തകർന്നു, ആരോഗ്യ സംവിധാനങ്ങൾ തകർന്നു, വിദ്യാഭ്യാസ മേഖലയും കൃഷിയും അടക്കം എല്ലാ മേഖലയും തകർന്നിരിക്കുകയാണെന്നും സിയോണിയിൽ നടന്ന റാലിയിൽ കമൽനാഥ് പറഞ്ഞു.
യുവാക്കളെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. അവരാണ് സംസ്ഥാനത്തിന്റെ ഭാവി. അവരുടെ ഭാവി ഇരുട്ടിലാണെങ്കിൽ സംസ്ഥാനത്തിന്റെ ഭാവിയും ഇരുട്ടിലാകും. നവംബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു പാർട്ടിയെയോ സ്ഥാനാർഥിയെയോ സംബന്ധിച്ചതല്ല. അത് മധ്യപ്രദേശിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണെന്നും കമൽനാഥ് പറഞ്ഞു.
നമ്മുടെ രാജ്യം വൈവിധ്യങ്ങളാൽ നിറഞ്ഞതാണ്. നമ്മുടെ സംസ്‌കാരം സൗഹൃദ ബന്ധങ്ങളിൽ അധിഷ്ഠിതമാണ്. എന്നാൽ ഇപ്പോൾ ആ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലേക്ക് നോക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും കമൽനാഥ് പറഞ്ഞു.
Adjust Story Font
16