കങ്കണ വിവാദം; നിഷ്പക്ഷ അന്വേഷണം വേണം: പഞ്ചാബ് കിസാൻ കോൺഗ്രസ്
സംയുക്ത കിസാൻ മോർച്ചയുൾപ്പെടെ നിരവധി സംഘടനകൾ കൗറിന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു
ചണ്ഡീഗഡ്: നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദർ കൗറിന് പിന്തുണയുമായി പഞ്ചാബ് കിസാൻ കോൺഗ്രസ് അധ്യക്ഷൻ കിരൺജിത് സിങ്. സംഭവത്തിൽ മൗനം പാലിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കങ്കണ വിഷയത്തിൽ നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകൾ കഴിഞ്ഞ ദിവസം കുൽവീന്ദർ കൗറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനം വളഞ്ഞുകൊണ്ടുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളാണ് ഇവ.
സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ വിശാൽ ദദ്ലാനിയും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാൽ ദദ്ലാനി കൗറിനു പിന്തുണയുമായി രംഗത്തെത്തിയത്. ഹിംസയെ ഒരിക്കലും പിന്തുണയ്ക്കുന്ന ആളല്ല ഞാൻ. എന്നാൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ രോഷം എനിക്കു ശരിക്കും മനസിലാകും. സംഭവത്തിൽ സി.ഐ.എസ്.എഫ് എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അവർക്കു പറ്റിയൊരു ജോലി താൻ ഉറപ്പുനൽകുമെന്നും വിശാൽ അറിയിച്ചു.
പഞ്ചാബിലെ ചണ്ഡിഗഢ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകാനെത്തിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണു വിവരം.
Adjust Story Font
16