രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അധിക്ഷേപിച്ചു; കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഭിക്ഷയാണെന്ന് അധിക്ഷേപിച്ച ബോളിവുഡ് താരവും സംഘപരിവാർ സഹയാത്രികയുമായ കങ്കണ റണാവട്ടിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. '1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' - എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
കങ്കണയുടെ പ്രസ്താവന ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. അവരുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതാണ് കങ്കണയുടെ പ്രസ്താവന. സർദാർ ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ജീവത്യാഗത്തെ അവർ ഇകഴ്ത്തുകയാണ് ചെയ്തത്-ആനന്ദ് ശർമ്മ ട്വീറ്റ് ചെയ്തു. ഇത്തരം അവാർഡുകൾ നൽകുന്നതിന് മുമ്പ് ആളുകളുടെ മാനസികനില പരിശോധിക്കുന്നത് അവർ പിന്നീട് രാജ്യത്തെ അപമാനിക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വാർത്താചാനലുകളും കങ്കണയെ ബഹിഷ്‌കരിക്കണമെന്ന് മുൻ ബിഹാർ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച പ്രസിഡന്റുമായ ജിതൻ റാം മാഞ്ചി പറഞ്ഞു. കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിൽ എൻ.ഡി.എ ഘടകക്ഷിയാണ് മാഞ്ചിയുടെ പാർട്ടി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഭിക്ഷയെന്ന് അധിക്ഷേപിച്ച കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ശിവസേന നേതാവ് നീലം ഗോർഹെ പറഞ്ഞു. പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കങ്കണക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മുംബൈ പൊലീസിൽ പരാതി നൽകി. നടിയുടെ പ്രസ്താവന രാജ്യദ്രോഹപരവും പ്രകോപനമുണ്ടാക്കുന്നതുമാണെന്ന് എ.എ.പി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പർ പ്രീതി ശർമ്മ പറഞ്ഞു.
Adjust Story Font
16