Quantcast

എമര്‍ജന്‍സിയുടെ ട്രയിലറിന് പിന്നാലെ കങ്കണക്ക് വധഭീഷണി; പൊലീസ് സഹായം തേടി

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു

MediaOne Logo

Web Desk

  • Published:

    27 Aug 2024 5:44 AM GMT

Kangana Ranaut
X

മുംബൈ: അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങുന്ന 'എമർജൻസി'യുടെ റിലീസിന് മുന്നോടിയായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്തിന് സിഖ് വിഘടനവാദ ഗ്രൂപ്പുകളുടെ വധഭീഷണി. ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കങ്കണ പൊലീസ് സഹായം തേടിയിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ആറ് പുരുഷന്‍മാര്‍ ഒരു മുറിയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. "നിങ്ങൾ ഈ സിനിമ റിലീസ് ചെയ്താൽ, സർദാർമാർ നിങ്ങളെ ചെരിപ്പുകൊണ്ട് അടിക്കും, നിങ്ങളെ ഇതിനോടകം തല്ലിയിട്ടുണ്ട്, ഞാൻ അഭിമാനിയായ ഒരു ഇന്ത്യക്കാരനാണ്, നിങ്ങളെ എൻ്റെ രാജ്യത്ത് എവിടെയെങ്കിലും കണ്ടാൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഞങ്ങളുടെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം സഹോദരങ്ങൾക്കൊപ്പം ഞങ്ങളും നിങ്ങളെ ചെരിപ്പുകൾ നൽകി സ്വാഗതം ചെയ്യും'' ഒരാള്‍ ഭീഷണിപ്പെടുത്തുന്നു.

"ചരിത്രം മാറ്റാൻ കഴിയില്ല. സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ആരായിരുന്നുവെന്ന് മറക്കരുത്. ഞങ്ങൾ നേരെ ചൂണ്ടുന്ന വിരൽ എങ്ങനെ ഒടിക്കണമെന്ന് അറിയാം. സിനിമയിൽ അദ്ദേഹത്തെ (ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ) തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് (ഇന്ദിരാഗാന്ധി) എന്താണ് സംഭവിച്ചതെന്ന് ഓർക്കുക'' എന്നായിരുന്നു മറ്റൊരാളുടെ ഭീഷണി.

വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഉപയോക്താക്കള്‍ കങ്കണയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ''നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?ഇന്ത്യയുടെ ചരിത്രം ലളിതമായി ചിത്രീകരിച്ചതിന് ബി.ജെ.പി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ ഭീഷണിപ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ ശക്തരായ നേതാക്കളിലൊരാളായ ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്നതിൽ തെറ്റുണ്ടോ? ദയവായി നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുക; ഞങ്ങൾ നിങ്ങളെക്കുറിച്ച് ആത്മാർത്ഥമായി ആശങ്കാകുലരാണ്."ഒരാള്‍ കുറിച്ചു. കങ്കണ വീഡിയോ എക്സില്‍ പങ്കുവെക്കുകയും ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ പൊലീസ് വകുപ്പുകളെ ടാഗ് ചെയ്യുകയും അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.




'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്.

സിഖുകാരുടെ മിനി പാർലമെൻ്റ് എന്നറിയപ്പെടുന്ന എസ്‌ജിപിസി ലോകമെമ്പാടുമുള്ള സിഖുകാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ്. സിഖ് വിരുദ്ധ, പഞ്ചാബ് വിരുദ്ധപ്രയോഗങ്ങൾ കാരണം വിവാദത്തിലായ നടി കങ്കണ റണാവത്ത് ഈ സിനിമ നിർമിച്ചിരിക്കുന്നത് സിഖുകാരെ ബോധപൂർവംഅപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ്, ഇത് സിഖ് സമൂഹത്തിന് സഹിക്കാൻ കഴിയില്ലെന്ന് ഹർജീന്ദർ സിങ് ആരോപിച്ചിരുന്നു. സിനിമയുടെ സംവിധാനം, തിരക്കഥ, നിർമാണം തുടങ്ങി പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയുടെ വേഷവും ചെയ്തിരിക്കുന്ന കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാസം 6നാണ് എമര്‍‌ജന്‍സി തിയറ്ററുകളിലെത്തുന്നത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്. ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.

TAGS :

Next Story