Quantcast

ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന് നേരെ കൈയേറ്റം; രണ്ട് പേർ മുഖത്തടിച്ചു

ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി.

MediaOne Logo

Web Desk

  • Published:

    17 May 2024 5:17 PM GMT

Kanhaiya Kumar slapped by man garlanding him, black ink thrown in Delhi
X

ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന് നേരെ കൈയേറ്റം. മാലയിടാനെന്ന വ്യാജേന അടുത്തെത്തിയ രണ്ട് പേർ മുഖത്തടിച്ചു. ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി.

കർതാർ നഗറിലെ എഎപി ഓഫീസിന് സമീപമാണ് സംഭവം. ബിജെപി പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സംഭവത്തിൽ ഛായ ഗൗരവ് ശർമ പൊലീസിൽ പരാതി നൽകി.

തൻ്റെ ഷാൾ തട്ടിയെടുത്തെന്നും ഭർത്താവിനെ മാറ്റിനിർത്തി ഭീഷണിപ്പെടുത്തിയെന്നും ഛായ ശർമയുടെ പരാതിയിൽ പറയുന്നു. പ്രവർത്തകർക്ക് നേരെ കറുത്ത മഷി എറിയുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

കൗൺസിലർ ഛായ ശർമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാർ കർത്താർ നഗറിലെ എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

'യോഗത്തിന് ശേഷം കനയ്യ കുമാറിനെ യാത്രയാക്കാൻ ഛായ ശർമ ഇറങ്ങിയപ്പോൾ ചിലർ വന്ന് കനയ്യ കുമാറിന് മാല ചാർത്തി. ശേഷം കനയ്യ കുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും മഷി എറിയുകയും ചെയ്തു. ഛായ ശർമ ഇടപെടാൻ ശ്രമിച്ചപ്പോൾ അവരോടും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു'- നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.

സംഭവത്തിനു പിന്നാലെ, അക്രമികളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം രണ്ട് പേർ ഏറ്റെടുത്തു. കനയ്യ കുമാർ രാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതായും സൈന്യത്തിനെതിരെ സംസാരിക്കുന്നതായും ഇവർ ആരോപിച്ചു.‌‌ അതിന് അദ്ദേഹത്തിന് വേണ്ട നിലയിൽ സ്വീകരണം നൽകിയതെന്നും ഇരുവരും പറയുന്നു.

രാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെ ഡൽഹിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നും വീഡിയോയിൽ ഇവർ പറയുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരിക്കെതിരെയാണ് കോൺ​ഗ്രസ് സ്ഥാനാർഥി കനയ്യ കുമാർ മത്സരിക്കുന്നത്.

TAGS :

Next Story